INS വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
1 min read

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. എലത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഫോൺ വിളിച്ചത് എന്നതിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രതിക്കെതിരെ ഓഫിഷ്യൽ SECRET ആക്ട് ചുമത്തും. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണ്. കൊച്ചി ഹാർബർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുജീബ് പിടിയിലാകുന്നത്. മൊബൈൽ ഫോൺ നമ്പർ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാജ പേരിലായിരുന്നു മുജീബ് ഫോൺ കോൾ വിളിച്ചത്.പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഫോൺ വിളിയെത്തിയത്. ‘രാഘവൻ’ എന്ന് പരിചയപ്പെടുത്തിയാണ് ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ഉടൻ പൊലീസിനെവിവരംഅറിയിക്കുകയായിരുന്നു.
