പൊതുവിദ്യാലയങ്ങളിലെ അഞ്ച് ലക്ഷത്തോളം കുട്ടികൾ ഇനി നീന്തൽ അഭ്യസിക്കും
1 min read

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അഞ്ച് ലക്ഷത്തോളം കുട്ടികൾ ഇനി നീന്തൽ അഭ്യസിക്കും. ഇതിനായി അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്കുള്ള അധ്യാപക കൈപ്പുസ്‌തകത്തിൽ നീന്തൽ സാക്ഷരത ഉൾപ്പെടുത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ പൊതു നീന്തൽ കുളങ്ങളിലാകും പരിശീലനം. സ്‌കൂളുകളിൽ പോർട്ടബിൾ പൂളുകൾ സ്ഥാപിച്ചും പരിശീലനം നൽകും. കായിക വകുപ്പിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും സഹകരണത്തോടെ മുഴുവൻ അധ്യാപകർക്കും നീന്തൽ പരിശീലനം നൽകും.
മുങ്ങിമരണങ്ങൾ ഇന്ന് പതിവാകുകയാണ്. മരണത്തിന് ഇരയാകുന്നത് കൂടുതൽ കുട്ടികളാണ്. ചെറിയ ക്ലാസ് മുതൽ നീന്തൽ പരിശീലനം നൽകിയാൽ മുങ്ങിമരണങ്ങൾ ഉൾപ്പെടെയുള്ള പല അപകടങ്ങളും കുട്ടികൾക്ക് അതിജീവിക്കാനാകും. ഈ ലക്ഷ്യത്തോടെ നീന്തൽ പരിശീലനം മുഴുവൻ സ്‌കൂളുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മനുഷ്യാവകാശ കമീഷനും നിർദേശിച്ചിരുന്നു. ഹെൽത്ത് ആന്റ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ഭാഗമാക്കിയാണ് നീന്തൽ പഠിപ്പിക്കുന്നത്. നീന്തലിന്റെ പ്രാധാന്യം, മത്സര ഇനങ്ങൾ, കാറ്റഗറി തുടങ്ങിയവ പഠിപ്പിക്കും. ജനകീയ പിന്തുണയോടെ പ്രായോഗിക പരിശീലനവും നൽകും.
