നായകളുടെ കടിയേറ്റ് പരുക്കേറ്റ മാനിനെ കൊന്ന് കറിവെച്ചു

SHARE
സുൽത്താൻബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ നായകളുടെ കടിയേറ്റ പരിക്കുകളോടെ എത്തിയ പുള്ളിമാനിനെ പിടികൂടി കൊന്ന് കറിവെച്ച സംഭവത്തിൽ നാല് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
നൂൽപ്പുഴ മുക്കുത്തിക്കുന്ന സ്വദേശികളായ പുളിക്ക ചാലിൽ സുനിൽ (59), തടത്തിൽ ചാലിൽ സന്തോഷ് (56), പുത്തൂർക്കൊല്ലി രാധാകൃഷ്ണൻ (48), വാളംവയൽ ശിവരാമൻ (62) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ സുനിലിന്റെ വീട്ടിൽ വച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകരെത്തി പരിശോധിച്ചത്.പാകം ചെയ്ത ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും മുറിക്കാൻ ഉപയോഗിച്ച കത്തികൾ ഉൾപ്പെടെ പാത്രങ്ങളും കണ്ടെടുത്തു.
മാനിന്റെ കൊമ്പുകൾ ഉൾപ്പെടെയുള്ള തലഭാഗവും ഇവിടെ നിന്ന് കണ്ടെടുത്തു. ഇറച്ചി ഉണക്കി സൂക്ഷിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.മുത്തങ്ങ റെയ്ഞ്ചിൽ തോട്ടാമൂല ഫോറസ്റ്റ് സെക്‌ഷൻ പരിധിയിലാണ് സംഭവം. മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്‌ കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മുരളീധരൻ, തോട്ടാമൂല സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിദ്യ, രാജേഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.