May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

തകരാർ പരിഹരിക്കാൻ ആയിട്ടില്ല; ബ്രിട്ടീഷ് യുദ്ധ വിമാനം F35 തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു; വാടക ഈടാക്കും

SHARE

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം F35 ന്റെ തകരാർ പരിഹരിക്കാൻ ആയിട്ടില്ല. 10 ദിവസങ്ങളായി വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനത്തിന് ബ്രിട്ടൻ വാടക നൽകേണ്ടിവരും. അറ്റകുറ്റപ്പണിക്കായി 40 ബ്രിട്ടീഷ് വിദഗ്ധസംഘം എത്തിയേക്കും. വിമാനത്തിന് CISF ന്റെ സുരക്ഷയും തുടരുകയാണ്.നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര എയർബെയിൽ തുടരുന്ന യുദ്ധവിമാനത്തിന് വാടക ഈടാക്കും. യുദ്ധവിമാനമായതുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ആവും തുക നിശ്ചയിക്കുക. സാങ്കേതിക തകരാർ ഇനിയും പരിഹരിക്കാത്ത പശ്ചാത്തലത്തിൽ നിന്നും 40 അംഗ വിദഗ്ധസംഘം ഉടൻ എത്തും എന്നാണ് വിവരം. ബ്രിട്ടീഷ് നേവിയുടെയും F35 സ്റ്റെൽത്ത് ഫൈറ്റർ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ്‌ മാർട്ടിന്റെയും എൻജിനീയർമാരുൾപ്പെട്ട സംഘമാണ് എത്തുക.വിദഗ്ധ സംഘത്തിനും തകരാർ പരിഹരിക്കാൻ ആയില്ലെങ്കിൽ യുദ്ധവിമാനത്തെ എയർ ലിഫ്റ്റ് ചെയ്ത് കപ്പലിൽ എത്തിക്കും. ഇതിനായി പ്രത്യേക വിമാനം എത്തിച്ചേക്കും. കടലിൽ 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട പ്രിൻസ് ഓഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് പറക്കവേ ഇന്ധനം തീർന്ന് അടിയന്തര ലാൻഡ് നടത്തി എന്നായിരുന്നു ബ്രിട്ടീഷ് നേവിയുടെ വിശദീകരണം. ഇന്ധനം നിറച്ച ശേഷം നടത്തിയ പരിശോധനയിൽ ഹൈഡ്രോളിക് സംവിധാനത്തിലും തകരാർ കണ്ടെത്തി. തകരാറിന്റെ വ്യക്തമായ കാരണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടമായ ഹാങ്ങറിലേക്ക് വിമാനം മാറ്റാനുള്ള സൗകര്യം എയർ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുദ്ധവിമാനത്തിന്റെ രഹസ്യങ്ങൾ ചോർന്നേക്കും എന്ന ബ്രിട്ടന്റെ ഭീതിയാണ് വിമാനം ഡൊമസ്റ്റിക് ബേ യിൽ തന്നെ ഇട്ടിരിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെയും ബ്രിട്ടന്റെയും വ്യോമസേന സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിനിടെയാണ് കഴിഞ്ഞ 14 ന് രാത്രി യുദ്ധവിമാനത്തിന് അടിയന്തരമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടി വന്നത്.