സിദ്ധാര്‍ത്ഥ് അഭിമന്യുവിനെ വെല്ലുന്ന വില്ലനായി ഫഹദ് എത്തുമോ?; തമിഴകത്ത് ചര്‍ച്ച.
1 min readചെന്നൈ: ചെന്നൈ: 2015 ല്‍ ഇറങ്ങിയ തനി ഒരുവന്‍ ചിത്രം ആ വര്‍ഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. മോഹന്‍ രാജ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അരവിന്ദ് സ്വാമി അഭിനയിച്ച സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്‍റെ രണ്ടാംഭാഗം തനി ഒരുവന്‍ 2 തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ്. എന്തായാലും ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തി പുറത്തുവിട്ട പ്രമോ ഇതിനകം വൈറലായിട്ടുണ്ട്. 3 മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോയിൽ സ്രഷ്ടാവിനും കഥാപാത്രത്തിനും ഇടയിലുള്ള ഫോര്‍ത്ത് വാള്‍ ബ്രേക്കിംഗ് കണ്‍സപ്റ്റിലാണ് അവതരിപ്പിക്കുന്നത്. മോഹൻ രാജയും നായകൻ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയും പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന്‍ എഎല്‍ വിജയ് ആണ് ഈ പ്രമോ തയ്യാറാക്കിയിരിക്കുന്നത്. 2024ല്‍ ആയിരിക്കും തനി ഒരുവന്‍ 2 ഷൂട്ടിംഗ് ആരംഭിക്കുക.ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. എന്നാല്‍ ഉയരുന്ന പ്രധാന ചോദ്യം ചിത്രത്തിലെ വില്ലന്‍ ആരായിരിക്കും എന്നതാണ്. തനി ഒരുവന്‍ സിനിമയുടെ വിജയത്തിലെ പ്രധാനഘടകം അരവിന്ദ് സ്വാമി അഭിനയിച്ച സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലന്‍ വേഷമായിരുന്നു. ചിത്രത്തില്‍ നായകന്‍ മിത്രന്‍ അങ്ങോട്ട് ചെന്നാണ് വില്ലനെ കണ്ടുപിടിക്കുന്നത്. എന്നാല്‍ പ്രമോ വീഡിയോ നല്‍കുന്ന സൂചന പ്രകാരം പുതിയ വില്ലന്‍ ഇങ്ങോട്ട് മിത്രനേ തേടിവരുന്നു എന്നാണ് പറയുന്നത്. അതായത് അത്രയും ശക്തനായ വില്ലന്‍ ആരായിരിക്കും എന്നതാണ് ചര്‍ച്ച പുരോഗമിക്കുന്നത്. എന്നാല്‍ തമിഴ് സിനിമ രംഗത്തെ വാര്‍ത്തകള്‍ പ്രകാരം വില്ലനായി മോഹന്‍ രാജ അടക്കം ആഗ്രഹിക്കുന്നത് ഫഹദ് ഫാസിലിനെയാണ് എന്നാണ് വിവരം.