ദേശീയ ശുചിത്വ റാങ്കിംഗിലെ കേരളത്തിന്‍റെ ചരിത്ര നേട്ടം
1 min read

രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന പ്രകടനത്തിലൂടെ കേരളം ഏറെ മുന്നിലെത്തി. ചരിത്രത്തിൽ ഇതാദ്യമായാണ് കേരളത്തിലെ ഒരു നഗരസഭക്ക് പ്രത്യേക വിഭാഗത്തിൽ “പ്രോമിസിംഗ് സ്വച്ഛ് ശെഹർ” അവാർഡ് ലഭിക്കുന്നത്.
മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ ഇടപെടലുകളാണ് മട്ടന്നൂർ നഗരസഭയ്ക്ക് ഈ അംഗീകാരം ലഭിക്കാൻ കാരണം.
ഖര -ദ്രവമാലിന്യ ശേഖരണ സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെണ്ടറിംഗ് പ്ലാന്റ്, സാനിട്ടറി മാലിന്യ സംസ്കരണം, ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, IEC ബോധവൽക്കരണം, RRR സെൻ്റുകള്‍, ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ, ജല സ്ത്രോതസ്സുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളും മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി.
മട്ടന്നൂരിനൊപ്പം ഇരിട്ടിയും ആന്തൂരും വൺ സ്റ്റാർ പ്ലസ് പദവിയും നേടി.മാത്രമല്ല കഴിഞ്ഞ തവണ വളരെ പിന്നോക്കം നിന്നിരുന്ന ശുചിത്വ റാങ്കിൽ നിന്നും വലിയ അളവിൽ മുന്നേറ്റം ഉണ്ടാക്കാൻ നമ്മുടെ ജില്ലയിലെ മുഴുവൻ നഗരസഭകൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളതും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് . അതോടൊപ്പം തന്നെ ജില്ലയിലെ എല്ലാ നഗരസഭകളും ഓഡി എഫ് പ്ലസ് നിലനിർത്തുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന വൃത്തി കോൺകേവിന്റെ ഭാഗമായി നൽകിയ പുരസ്കാരങ്ങളിൽ 8 എണ്ണവും കണ്ണൂർ ജില്ല നേടിയതും ഈ അവസരത്തിൽ സ്മരണീയമാണ്.
ജനപ്രതിനിധികളുടെയുംതദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ ഹരിത മിഷനുകളുടെയും മറ്റ് വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്ത് ജില്ലയെമുന്നിൽ നിർത്തുന്നത്.
