ആറ് മാസമായി ശമ്പളമില്ല; ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്യാമ്പിന് മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം
1 min read

കൂലി നൽകാത്തതിനാൽ ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്യാമ്പിന് മുന്നിൽ പ്രതിഷേധിച്ച് തൊഴിലാളികൾ. ആറ് മാസമായി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്നാണ് പരാതി. ദേശീയപാത ആറുവരിപ്പാത നിർമ്മാണം നടക്കുന്ന ചെങ്കള മുതൽ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചിൽ കരാറുകാരായ മേഘ എഞ്ചിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തൊഴിലാളികൾക്ക് കൂലി നൽകുന്നില്ലെന്നാണ് പരാതി.
മൈലാട്ടിയിലെ മേഘ കമ്പനിയുടെ ക്യാമ്പ് ഓഫീസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ക്യാമ്പിന്‍റെ ഗേറ്റ് തൊഴിലാളികൾ അടച്ച്പൂട്ടുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത മൂലം ദേശീയപാത അതോറിറ്റി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനമാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി.
ആറ് മാസത്തിലേറെയായി കൂലി ലഭിക്കാത്ത തൊഴിലാളികളും കമ്പനിക്കായി വാഹനം വിട്ടു നല്‍കിയ കരാര്‍ തൊഴിലാളികളുമാണ് സമര രംഗത്തുള്ളത്. ഏജന്റുമാര്‍ക്കും സബ് ഏജന്റുമാര്‍ക്കും നൂറുകണക്കിന് വാഹനങ്ങള്‍ക്കും മറ്റും മാസങ്ങളായി പണം നല്‍കുന്നില്ലെന്നാണ് പരാതി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കരാന്‍ അവസാനിച്ച വാഹന ഉടമകള്‍ക്ക് ഇനിയും കുടിശിക പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. കുടിശികയായ തുക നല്‍കാന്‍ പറഞ്ഞ അവധി പലതവണ മാറ്റിയതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്.
ആറുമാസമായി വേതനമില്ലാതെ കഴിയുന്ന നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യവും വലിയ പ്രതിസന്ധിയിലാണ്. കരാറവസാനിച്ച വാഹന ഉടമകളുടെ കുടിശിക ഈ മാസം 25 നുള്ളില്‍ തീര്‍ക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയതിനെ താത്ക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു.
പലതവണ കമ്പനി അധികൃതര്‍ക്ക് മുന്നില്‍ പരാതിയും പ്രതിഷേധവുമായി എത്തിയിരുന്നെങ്കിലും തൊഴിലാളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ കുടിശിക തന്നു തീര്‍ക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനോ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.
