കുടുംബശ്രീ ഓൺലൈൻ റേഡിയോ പത്ത് ലക്ഷം ശ്രോതാക്കളിലേക്ക്.
1 min read

കണ്ണൂർ : കുടുംബശ്രീ യുടെ ഏറെ പുതുമകളോടെ എത്തിയ ഓൺലൈൻ റേഡിയോ ‘റേഡിയോ ശ്രീ ‘ ഇനി പത്ത് ലക്ഷം ശ്രോതാക്കാളിലേക്ക് കൂടി.കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീക്ക് നിലവിൽ അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. കണ്ണൂർ ജില്ലയിൽ ഇത് വരെ 20000 പേർ റേഡിയോ ശ്രീ ശ്രോതാക്കൾ ആയിട്ടുണ്ട്.അടുത്ത മൂന്ന് മാസത്തിനുള്ളിൽ പത്ത് ലക്ഷം ശ്രോതാക്കളെ കൂടെ റേഡിയോ ശ്രീ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.ഇതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ്, എ ഡി എസ്, അയൽക്കൂട്ടം തലത്തിൽ നടക്കുന്ന പരിപാടികൾ വാർത്തകൾ ആയും കൂടാതെ അയൽക്കൂട്ടം പ്രവർത്തകരുടെ രചനകൾ, നാടകങ്ങൾ, കവിതകൾ, മികച്ച സംരംഭാകരുമായുള്ള അഭിമുഖം, കർഷകർക്കും സംരംഭകർക്കും വേണ്ട പരിശീലന ക്ലാസ്സുകൾ, എന്നിവ കൂടുതൽ സംപ്രേഷണം ചെയ്ത് കൂടുതൽ ശ്രോതാക്കളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റേഡിയോ ശ്രീ.കുടുംബശ്രീയുടെ 48 ലക്ഷം കുടുംബങ്ങളിലേക്കും റേഡിയോ ശ്രീ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
രാവിലെ 7 മുതൽ 1 വരെ ഒരു മണിക്കൂർ ധൈർഘ്യമുള്ള സിന്ദൂരചെപ്പ്,കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്, സാഹിത്യോത്സവം, ഓഡിയോ ബുക് തുടങ്ങി ആറ് പ്രത്യേക പരിപാടികൾ തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നുണ്ട്, രണ്ട് മണിക്കൂർ ഇടവിട്ട് അഞ്ചു മിനിറ്റ് വീതം കുടുംബശ്രീ വാർത്തകളുമുണ്ട്.
കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ, പരിപാടികൾ, സ്പെഷ്യൽ പ്രൊജക്റ്റ് പ്രവർത്തനങ്ങൾ, കാലാവസ്ഥ മുന്നറിയിപ്പ് എന്നിവയാണ് വാർത്തകൾ.ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും റേഡിയോ ശ്രീ പ്രക്ഷേപണം ചെയ്യുന്നുണ്ട്.പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും റേഡിയോ ശ്രീ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും.
കൂടാതെ റേഡിയോ ശ്രീ എന്ന വെബ്സൈറ്റിലും പ്രക്ഷേപണമുണ്ട്.
