കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ് ലഹരി; ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്!
1 min read
                
കവരത്തി: ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റിവ് എക്സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. 100 കോടിയുടെ മയക്കുമരുന്നാണ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. നാല് വര്‍ഷം മുന്‍പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ മയക്കുമരുന്നാണ് വ്യാപകമായി തീരത്ത് എത്തിയത്.മഞ്ചേരിയില്‍ 3 മലയാളികള്‍ നേരത്തെ 500 ഗ്രാം മെത്താംഫെറ്റമിന്‍ എക്സൈസിന്‍റെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്തരം ഒരു വലിയ ഓപ്പറേഷനിലേക്ക് എത്തിച്ചേരുന്നത്. കേരള എക്സൈസും കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്‍റീവ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണത്തിനായി ആന്‍ഡമാനിലേക്ക് പോയത്. അവിടെ ബലാക്ക് എന്ന ദ്വീപില്‍, പണ്ട് ജപ്പാന്‍ സേന ഉപയോഗിച്ചിരുന്ന ഒരു ബങ്കറുണ്ട്. കടലിനോട് ചേര്‍ന്നാണിത്. ബങ്കറില്‍ സൂക്ഷിച്ചിരുന്ന 50 കിലോ മെത്താഫെറ്റമിനാണ് പിടികൂടി നശിപ്പിച്ചത്. തുടര്‍ന്ന്, അധികൃതര്‍ വിവിധ തലത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചപ്പോള്‍ പ്രദേശവാസികൾ സൂക്ഷിച്ച് വച്ചിരുന്ന ഏകദേശം രണ്ടര കോടി വിലവരുന്ന മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നൽകി. ഇവയും നശിപ്പിച്ചു. 2019 ല്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പരിശോധനക്കിടെയാണ് രാസലഹരിയുമായി എത്തിയ മ്യാന്‍മര്‍ കപ്പല്‍ മുക്കി കളഞ്ഞത്. ആ കപ്പലില്‍ നിന്ന് ഒഴുകിയ രാസലഹരി മുഴുവന്‍ ആന്‍ഡമാന്‍ ദ്വീപിന്‍റെ പരിസരത്ത് അടിഞ്ഞുകൂടി അത് പ്രാദേശിക വിഭാഗത്തിന്‍റെ കൈകളിലേക്ക് എത്തിയിരുന്നു.ഇവയാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. നാലായിരത്തോളം കിലോ മെത്താഫെറ്റമിന്‍ ആന്‍ഡമാനിലെ വിവിധ സ്ഥലങ്ങളില്‍ ആളുകളുടെ കയ്യിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിലൊരു ഭാഗമാണ് ഇപ്പോള്‍ കണ്ടെത്തി നശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളതും കൂടി കണ്ടെത്തി നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

