ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ സി ബി) നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കണ്ണൂർ: കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ സി ബി) നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ലെ ബജറ്റിൽ വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് ഇവിടെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കിഫ്ബി വഴി ഒട്ടേറെ ബൃഹദ് പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. സ്‌കൂളുകൾ, മേൽപ്പാലങ്ങൾ, ആശുപത്രി കെട്ടിടം അങ്ങനെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികൾ പൂർത്തിയായി. ഒട്ടേറെ പ്രവൃത്തികൾ നടന്നുവരുന്നു. പ്രാദേശിക വികസന പദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുന്നു. ചേക്കൂ പാലം ആർസിബി അതിനുദാഹരണമാണ്. സംസ്ഥാനപദ്ധതികളും പ്രാദേശിക വികസന പദ്ധതികളും നടപ്പാക്കി നവകേരള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയിൽ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. 48 മീറ്റർ നീളത്തിൽ റഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമാണ്. മൂന്നര കിലോമീറ്റർ നീളത്തിൽ ഇരു കരയിലും കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണ ബണ്ടും മത്സ്യ കൃഷിക്കായി 12 സ്ലൂയിസുകളും സജ്ജമാക്കിയിട്ടുണ്ട്. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കാൻ പറ്റുന്ന വിധം വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റർ. 3.50 കിലോമീറ്ററോളം നീളത്തിൽ ജലസംഭരണം സാധ്യമാവും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗർലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി. പദ്ധതി പ്രവർത്തന സജ്ജമായതോടെ 1360 ഏക്കറിൽ കൃഷി ഇറക്കാനാവും.


