നിപയുടെ ആഘാതം പരമാവധി കുറയ്ക്കാനായി; കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

1 min read
SHARE

കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്. നിപയുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതില്‍ സംസ്ഥാനം വിജയം കൈവരിച്ചതായും കത്തില്‍ എടുത്തു പറയുന്നു.

 

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലയിലുമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജില്ലാ ഭരണകൂടം, പോലീസ്, വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കോഴിക്കോട് കോര്‍പറേഷന്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് കോഴിക്കോട് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് ക്യാമ്പ് ചെയ്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എ.മാര്‍, ചീഫ് സെക്രട്ടറി, ജില്ലാകളക്ടര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സര്‍വകക്ഷി യോഗം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.