മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും; ജസ്റ്റിസ് മോഹനന്‍ കമ്മീഷന്‍ രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിങ്ങും നടത്തി.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്ന താനൂര്‍ ബോട്ടപകടം ജുഡീഷ്യല്‍ കമ്മീഷന്‍ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ ഹൗസ്‌ബോട്ടുകള്‍ക്കായി ഒരു കൃത്യമായ റൂട്ട് ചാനല്‍ ഉണ്ടാക്കണമെന്ന് ഹിയറിങ്ങില്‍ ആവശ്യമുയര്‍ന്നു.
പുഴയുടെ ആഴം വര്‍ദ്ധിപ്പിക്കുക, മലബാര്‍ മേഖലയില്‍ ഒരു ബോട്ട് ലാസ്‌കര്‍ പരിശീലന കേന്ദ്രം അനുവദിക്കുക, ബോട്ട് ഹൗസിന്റെയും മത്സ്യബന്ധന ബോട്ടുകളുടെയും സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന പുലിമുട്ടുകളിലെ ഇളകിയ കല്ലുകള്‍ നീക്കം ചെയ്യുക, ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സംവിധാനം ജില്ലയില്‍ തന്നെ ഒരുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. കോട്ടപ്പുറം ബോട്ട് ടെര്‍മിനലില്‍ വേലിയേറ്റസമയത്ത് ബോട്ടുകള്‍ക്ക് അടുക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും, ടെര്‍മിനലിലേക്കുള്ള ഗതാഗത സൗകര്യങ്ങളും തെരുവ് വിളക്കുകളും മെച്ചപ്പെടുത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.
താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ജലഗതാഗത മേഖലയില്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, നിലവിലുള്ള ലൈസന്‍സിങ്, എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ പര്യാപ്തമാണോ, അല്ലെങ്കില്‍ ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക, ഇതുപോലെ മുന്‍കാലങ്ങളില്‍ സംഭവിച്ച ബോട്ട് അപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിന്‍ മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളുടെ പര്യാപ്തത അവലോകനം ചെയ്യുക, എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ കമ്മീഷന്‍ പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങള്‍.
ഇതിന് അനുബന്ധമായ മറ്റ് കാര്യങ്ങളെക്കുറിച്ചും കമ്മീഷന്‍ അന്വേഷിക്കും. ഒക്ടോബര്‍ 10 മുതല്‍ 23 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കമ്മീഷന്‍ തെളിവെടുപ്പും ഹിയറിംഗും നടത്തും. കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന ഡോ കെ പി നാരായണന്‍, കമ്മീഷന്‍ സെക്രട്ടറി അഡ്വക്കറ്റ് രമേഷ് കുമാര്‍, കമ്മീഷന്‍ കോര്‍ട്ട് ഓഫീസര്‍ ജി ചന്ദ്രശേഖരന്‍, സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ ടി പി രമേശ്, നോഡല്‍ ഓഫീസര്‍ അന്‍സാരി, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


