September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 13, 2026

യുപി സ്വദേശി കൊല്ലപ്പെട്ടത് മലയാളികളുടെ മര്‍ദ്ദനത്തിലെന്ന് കളളമൊഴി; ലോറിയില്‍ തലയിടിപ്പിച്ച് കൊന്നത് സഹോദരന്‍

SHARE

ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലെത്തി കച്ചവടം ചെയ്തിരുന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബംഗര്‍മാവ് സ്വദേശി രാംശങ്കറിന്റെ മകന്‍ ലക്ഷ്മി നാരായണ്‍ (30) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലക്ഷ്മി നാരായണിന്റെ ഇളയ സഹോദരന്‍ കൈലാസ് കുമാര്‍ (25) അറസ്റ്റിലായി. അരീക്കോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലയാളികള്‍ സഹോദരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കൈലാസ് കുമാര്‍ നേരത്തെ ആരോപിച്ചത്. എന്നാല്‍ പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരന്റെ ഭാര്യയുമായുളള ബന്ധവും തുടര്‍ന്നുളള പ്രശ്‌നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.രാംശങ്കറിന്റെ ഏഴുമക്കളില്‍ മൂന്നുപേരും താമരശേരി, തിരൂര്‍, കല്ലായി എന്നിവിടങ്ങളില്‍ സിമന്റുകൊണ്ട് ചെടിച്ചട്ടികളും പക്ഷി മൃഗാദികളുടെ രൂപങ്ങളും നിര്‍മ്മിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. തിരൂരില്‍ ജോലി ചെയ്യുകയായിരുന്ന കൈലാസ് ചൊവ്വാഴ്ച്ച രാത്രി ലക്ഷ്മി നാരായണ്‍ ജോലി ചെയ്യുന്ന കല്ലായിയിലെത്തി. രാത്രി രണ്ടുമണിയോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ലക്ഷ്മി നാരായണ്‍ ജീവന്‍ രക്ഷിക്കാനായി റോഡിലേക്ക് ഇറങ്ങിയോടി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ കൈലാസ് അവിടെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സഹോദരന്റെ തല ഇടിച്ച് മൃതപ്രായനാക്കി ലോറിക്കടിയിലേക്ക് തളളിനീക്കുകയായിരുന്നു.ലക്ഷ്മി നാരായണിന്റെ മരണം ഉറപ്പാക്കിയ കൈലാസ് ഉടന്‍ താമരശേരിയില്‍ ജോലി ചെയ്യുന്ന സഹോദരനെ വിളിച്ച് ലഷ്മി നാരായണിനെ രണ്ട് മലയാളികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ചോദ്യംചെയ്തപ്പോഴാണ് മരിച്ചയാളുടെ ഭാര്യയുമായി തനിക്കുളള ബന്ധത്തെക്കുറിച്ചും സഹോദരനുമായി ഉണ്ടായ പ്രശ്‌നങ്ങളും ഇയാള്‍ സമ്മതിച്ചത്. ലക്ഷ്മി നാരായണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് മൃതദേഹം എംബാം ചെയ്തശേഷം ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരന്‍ ശിവനാരായണ്‍ പറഞ്ഞു. ലഷ്മി നാരായണിന് ഭാര്യയും നാലും ഒന്നും വയസുളള മക്കളുമുണ്ട്. പ്രതി കൈലാസ് അവിവാഹിതനാണ്.