നാദം മുരളിയ്ക്ക് കലാ കോവിദ പുരസ്കാരം.

ഇരിട്ടി : പ്രാപ്പൊയിൽ കക്കോട് ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയം വ്യത്യസ്ത കലാമേഖലകളിലെ കഴിവുകളെ പരിഗണിച്ച് നൽകുന്ന ‘നവപുരം കലാ കോവിദ പുരസ്കാരം’ നാദം മുരളിക്ക് സമ്മാനിക്കും.
നാടകം, നാടൻപാട്ട്, വിൽക്കലാമേള, സംഗീത സംവിധാനം, കീബോർഡ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലെ പ്രവർത്തന മികവാണ് നാദം മുരളിയെ അവാർഡിന് അർഹനാക്കിയത്.
മെയ് 1 ന് നവപുരം വാർഷിക മഹോത്സവവേദിയിൽ വെച്ചാണ് അവാർഡ് സമർപ്പിക്കുക.
കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂർ സ്വദേശിയായ നാദം മുരളി നാൽപതു വർഷത്തോളമായി കലാപ്രവർത്തന രംഗത്ത് സജീവമാണ്.
പ്രതികൂലമായ ജീവിത സാഹചര്യത്തിൽ നിന്നും പൊരുതിയാണ് കലാപ്രവർത്തനം ആദ്യകാലങ്ങളിൽ നടത്തിയത്. നൃത്തവേദികളിലും നാടകവേദികളിലും കീബോർഡ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ നാടക അഭിനയം, സംവിധാനം, സംഗീത സംവിധാനം എന്നീ രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രശസ്തരായ നിരവധി നാടക സംവിധായകരുടെ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിർവ്വഹിച്ചിച്ചുണ്ട്.
2005 മുതൽ 15 വർഷക്കാലം കണ്ണൂർ ചിന്മയ മിഷൻ സ്‌കൂളിൽ മ്യൂസിക് (കീബോർഡ്) അധ്യാപകനായി പ്രവർത്തിച്ചു.
2004ൽ കണ്ണൂർ ഗ്രാമിക എന്ന പേരിൽ സമിതി രൂപീകരിച്ച് വിൽപ്പാട്ട് എന്ന തനത് കലാരൂപത്തിന് ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ട് വിൽക്കലാമേള എന്ന പേരിൽ നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി. പിന്നീട് വിൽകലാമേള എന്ന കലാരൂപത്തിന്
പുതിയ രംഗഭാഷ്യം കണ്ടെത്തിക്കൊണ്ട് മൾട്ടിവിഷ്വൽ വിൽകലാമേള കണ്ണൂർ സംഘകലയുടെ ബാനറിൽ അരങ്ങിലെത്തിച്ചു. കഥക്കും പാട്ടിനും ഹാസ്യത്തിനും പ്രാധാന്യം നൽകുന്നതിൻ്റെ ഒപ്പം വേദിയിലെ സ്ക്രീനിൽ കഥയുടെ ദൃശ്യങ്ങളും കൂടി ചേർന്ന് കാഴ്ചക്കാരന് നവ്യാനുഭവം സമ്മാനിക്കുന്ന മൾട്ടി വിഷ്വൽ വിൽക്കലാമേള കലാസ്വാദകർക്കിടയിൽ പുതിയ ഓളങ്ങൾ ഉണ്ടാക്കി.
ശ്രീ മുത്തപ്പൻ, ശരണദേവൻ ശ്രീ അയ്യപ്പൻ, ശ്രീ മുച്ചിലോട്ടമ്മ, കതിവന്നൂർ വീരൻ, കടത്തനാടൻ വീരപുത്രി എന്നീ മൾട്ടി വിഷ്വൽ വിൽക്കലാമേളകൾ കേരളത്തിനകത്തും പുറത്തുമായി ആയിരത്തിൽ അധികം വേദികളിൽ അവതരിപ്പിച്ചു.
നിരവധി ഷോർട്ട് ഫിലിമുകൾ ഡോക്യുമെൻററി ചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും വേഷം ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
കൊറോണ കാലത്ത് പ്രശസ്തരായ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ദൃശ്യാവിഷ്കരണത്തിൻ്റെ സംവിധാനവും നിർവ്വഹിച്ചിച്ചുണ്ട്.
ബൽറാം v/s താരാദാസ്, സ്നേഹദൂത്, കള്ളൻ ബട്ട്യൻ, സ്റ്റേറ്റ് ബസ്, എങ്കിലും ചന്ദ്രികേ, വെളുത്ത മധുരം, വേട്ടക്കൊരുമകൻ, തിറയാട്ടം, അലീന (തമിഴ്, മലയാളം), ശ്രീ മുത്തപ്പൻ എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്‌തു. അഭയ, കള്ളൻ ബട്ട്യൻ എന്നീ സിനിമക്ക് വേണ്ടി ഗാനരചനയും സംഗീതവും ആലാപനവും നടത്തിയിട്ടുണ്ട്.
ഇരുപത്തിയഞ്ച് വർഷമായി മയ്യിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാദം കലാക്ഷേത്രത്തിൻ്റെ ഡയരക്ടറാണ്.
സംസ്ഥാന കേരളോത്സവത്തിൽ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള നാദം മുരളിക്ക് 1989 ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2018ൽ കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ നാരായണൻ , അമ്മ : ലക്ഷ്മി
കലാകാരിയും യോഗാ ട്രയിനറുമായ രജിത മുരളിയാണ് ഭാര്യ,
മകൾ: അനശ്വര മുരളി B Ed വിദ്യാർഥിനിയാണ്.

