September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

കൊടുംചൂടിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നു; പഴശ്ശി പദ്ധതി പ്രദേശത്തെ ശുദ്ധജല മത്സ്യ കർഷകർ പ്രതിസന്ധിയിൽ.

SHARE

 

 

ഇരിട്ടി: കൊടും ചൂടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയതോടെ  പഴശ്ശി പദ്ധതി പ്രദേശത്തെ ശുദ്ധജല മത്സ്യകർഷകർ പ്രതിസന്ധിയിലായി. എടക്കാനം, വള്ള്യാട് മേഖലയിൽ സ്വശ്രയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ശുദ്ധജല മത്സ്യകൃഷിയിൽ നിന്നുള്ള മത്സ്യങ്ങളാണ് ഏതാനും ദിവസങ്ങളായി  ചത്തുപൊന്തുന്നത്. ഫിഷറീസ് വകുപ്പിന്റെ  മത്സ്യ കർഷക വികസന ഏജൻസിയിൽ നിന്നുള്ള  സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതികളിൽ വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ്  ചത്തിരിക്കുന്നത്.

പഴശ്ശി പദ്ധതിയുടെ വെള്ളത്തെ ആശ്രയിച്ച് വർഷങ്ങളായി ഈ സ്വാശ്രയ ഗ്രൂപ്പ് സംഘങ്ങൾ ഇവിടെ കൃഷി നടത്തി വരുന്നുണ്ട്. എന്നാൽ ഈ വർഷം അനുഭവപ്പെടുന്ന കൊടും ചൂടിൽ പഴശ്ശിപദ്ധതിയിൽ ദിനം പ്രതി മൂന്ന് മുതൽ അഞ്ചു സെന്റീമീറ്റർ വരെയാണ് വെള്ളം താഴുന്നത്. ഇതോടെ മത്സ്യം വളർത്തുന്നതിനായി നിർമ്മിച്ച  ശുദ്ധജല മത്സ്യതടാകങ്ങളിലും കുളങ്ങളിലും വെള്ളത്തിന്റെ വലിയ കുറവുണ്ടായി. ശക്തമായ  വെയിലേറ്റ് വെള്ളത്തിന്റെ ഊഷ്മാവ് ക്രമാതീതമായി ഉയർന്നതാണ് മത്സ്യ വളർത്തലിന് തിരിച്ചടിയായിയത്.  വള്ളിയാട് ചെറുവോട് യുവധാര സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മത്സ്യകൃഷിക്കായി അറുപതിനായിരം കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ ചത്തുപൊന്തി. വള്ളിയാട് തന്നെയുള്ള ബാലന്റെ നേതൃത്വത്തിലുള്ള സംരംഭകർ വളർത്തുന്ന മത്സ്യകൃഷിക്കും വൻ നഷ്ടമാണ് ഉണ്ടായത്. വിൽപ്പനയ്ക്ക് തെയ്യാറായതും  ഒരു കിലോയ്ക് മുകളിൽ തൂക്ക മുള്ളതുമായ  മത്സ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തത്. ശേഷിക്കുന്ന മത്സ്യങ്ങൾ വെള്ളം കുറഞ്ഞ വളർത്തു കേന്ദ്രങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ ഇവ മുഴുവനും ചത്തുപോകാനാണ് സാധ്യത.