June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 10, 2026

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

SHARE

നീറ്റ് – യുജി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. ഈ കുടുംബത്തിലെ നാല് പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷ പാസായി. ഇതിൽ ദൂരുഹതയുണ്ടോയെന്നാണ് സിബിഐയുടെ സംശയം. ഈ വർഷം പരീക്ഷ എഴുതിയ ദിനേശ് ബിവാലിന്റെ മകൻ ഒളിവിലാണ്.കഴിഞ്ഞ ദിവസമാണ് ചോദ്യ പേപ്പർ ചോർച്ചക്കേസിൽ രാജസ്ഥാനിൽ ബിജെപിയുടെ സജീവ പ്രവർത്തകൻ ദിനേശ് ബിൻവാളും സഹോദരനും അറസ്റ്റിലായത്. കേസിൽ 24 പേർ സിബിഐ കസ്റ്റഡിയിൽ ഉണ്ട്.

മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോർച്ചയുടെ ഉദ്‌ഭവകേന്ദ്രമായി കേസ് അന്വേഷിച്ച രാജസ്ഥാൻ പൊലീസിന്റെ പ്രത്യേകസംഘം കരുതുന്നത്. നാസിക് സ്വദേശിയായ ശുഭം ഖൈർനാറിന് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചു എന്ന നിഗമനത്തിലാണ് സിബിഐ. ശുഭത്തിന് ചോദ്യപേപ്പർ നൽകിയ കേസിലെ ഉദ്ഭവ കേന്ദ്രം എന്ന് കരുതുന്ന ധനഞ്ജയ് ലോഖണ്ഡെ എന്ന 26 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ പൂനെ സ്വദേശി ഒരു യുവതിയെയും സിബിഐ പിടികൂടി. ഇവർക്ക് ലഭിച്ചത് യഥാർത്ഥ ചോദ്യപേപ്പർ ആണോ എന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.

പത്തുലക്ഷം രൂപയ്ക്ക് ശുഭം ചോദ്യപേപ്പർ വാങ്ങിയപ്പോഴും 15 ലക്ഷം രൂപയ്ക്ക് അയാൾ അത് ഗുരുഗ്രാമിലെ ഡോക്ടർക്ക് വിറ്റപ്പോഴും വിതരണം കൊറിയർ പാഴ്സലിലൂടെയാണ് നടത്തിയത്. പിന്നീട് ഇതിലെ 135 ചോദ്യങ്ങൾ മാതൃക ചോദ്യപേപ്പർ ഉണ്ടാക്കാൻ ഉപയോഗിച്ചു. കോപ്പികൾ പല സംസ്ഥാനത്തിലൂടെയും പ്രചരിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ ഡോക്ടറെ പിടികൂടാനാണ് സിബിഐ പ്രാഥമിക പരിഗണന നൽകിയിരിക്കുന്നത്. മാതൃക പേപ്പറിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരുമെന്ന അറിവോടെ പല വിദ്യാർത്ഥികളും ഇവ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യം കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സ്വദേശി പിതാവിനെ ധരിപ്പിച്ചിരുന്നതായാണ് ഇവർക്കിടയിലെ സന്ദേശം പുറത്തുവന്നപ്പോൾ വ്യക്തമായിരിക്കുന്നത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ. ഇതുവരെ 180 വിദ്യാർത്ഥികളെയും പലരുടെയും മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെ സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സിബിഐയുടെ അന്വേഷണം പുരോഗമിക്കുന്നത്. ഡൽഹി NTA കാര്യാലയത്തിലും ഒരു സംഘം സിബിഐ ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.