കൊട്ടിയൂർ തീർത്ഥാടകരുടെ ട്രാവലർ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി. സ്കൂളിന് സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ഇന്ന് രാവിലെ ഏകദേശം 9.45 ഓടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

