ഇന്ത്യയെ തോൽപ്പിക്കാൻ പാടില്ലായിരുന്നു’; പാക് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം കണ്ടെത്തി മുൻ താരം

പാകിസ്താൻ ക്രിക്കറ്റ് മോശം ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇപ്പോഴിതാ പാക് ക്രിക്കറ്റിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്കും പ്രതിസന്ധികൾക്കും കാരണങ്ങൾ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് നായകൻ മുഹമ്മദ് യൂസഫ്.2021ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്റെ വമ്പൻ വിജയമാണ് പാകിസ്താന്റെ ഇന്നത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് യൂസുഫിന്റെ വിചിത്ര വാദം.അന്നത്തെ വിജയത്തിന് ശേഷം താരങ്ങളുടെ ഉള്ളിൽ വന്ന അഹങ്കാരവും ഈഗോയുമാണ് ടീമിനെ ഇന്നത്തെ ദുരവസ്ഥയിൽ എത്തിച്ചതെന്ന് സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ യൂസഫ് തുറന്നടിച്ചു.2021-ൽ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാർ വിചാരിക്കാൻ തുടങ്ങി. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണയില്ലാതായി. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ എപ്പോഴും വിനയമുള്ളവരായിരിക്കണം, യൂസഫ് പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. മൂന്നാം ടെസ്റ്റിന് മുമ്പ്, വൈസ് ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, അഗ സൽമാൻ ഉൾപ്പെടെ 7 പ്രമുഖ താരങ്ങളെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും അസിസ്റ്റന്റ് കോച്ച് ഉമർ ഗുല്ലിനെയും സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില് ആകെ 9 ടീമുകളുള്ളതിൽ 9-ാം സ്ഥാനത്താണ് നിലവിൽ പാകിസ്താൻ.

