September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദിന് രണ്ടാം അർദ്ധ സെഞ്ച്വറി.

SHARE

 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദിന് അർദ്ധസെഞ്ച്വറി. ടൂർണമെന്റിൽ താരത്തിന്റെ രണ്ടാം ഫിഫ്റ്റിയാണിത്. ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിച്ച പ്രകടനത്തിന്റെ മികവിലാണ് റോയൽസ് സ്കോർ ബോർഡിൽ 185 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയത്.

​44 പന്തുകൾ നേരിട്ട് 62 റൺസ് അടിച്ചെടുത്താണ് കൃഷ്ണപ്രസാദ് ക്രീസ് വിട്ടത്. മൂന്ന് പടുകൂറ്റൻ സിക്സറുകളും ഏഴ് മനോഹരമായ ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ആദിത്യ വിനോദിന്റെ ഓവറിൽ തുടർച്ചയായി മൂന്ന് തവണ പന്ത് അതിർത്തി കടത്തിയാണ് റോയൽ ക്യാപ്റ്റൻ ഇന്നിങ്സിന് തുടക്കമിട്ടത്. പിന്നീട് നാലാം ഓവറെറിയാനെത്തിയ ആനന്ദിനെയും, തൊട്ടുപിന്നാലെ ബിജു നാരായണനെയും ഗാലറിയിലെത്തിച്ചതോടെ സ്റ്റേഡിയം ആവേശത്തിലാഴ്ന്നു.

​ഓപ്പണർ അഭിഷേക് പി നായർക്കൊപ്പം ഇന്നിങ്സ് ആരംഭിച്ച കൃഷ്ണപ്രസാദ് തുടക്കം മുതൽ തന്നെ തൃശൂർ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ഇരുവരുടേയും മിന്നലാക്രമണത്തിൽ പവർപ്ലേയിലെ ആറ് ഓവറിൽ ട്രിവാൻഡ്രത്തിന്റെ സ്കോർ 62-ൽ എത്തി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വാരിക്കൂട്ടിയത് 83 റൺസാണ്. ഇതിൽ 49 റൺസും നായകന്റെ ബാറ്റിൽ നിന്നായിരുന്നു. ടൈറ്റൻസ് ക്യാപ്റ്റൻ അഖിൽ എംഎസിനെയും കൃഷ്ണപ്രസാദ് വെറുതെ വിട്ടില്ല. ക്യാപ്റ്റന്മാർ നേർക്കുനേർ വന്നപ്പോൾ രണ്ട് തവണയാണ് അഖിലിന്റെ പന്തുകൾ ബൗണ്ടറി കടന്നത്.

​മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന താരത്തെ 13-ാം ഓവറിൽ മുഹമ്മദ് ഇനാനാണ് പുറത്താക്കിയത്. ഈ സീസണിൽ ഉജ്ജ്വല ഫോം തുടരുന്ന കൃഷ്ണപ്രസാദ് റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ നിന്നായി 219 റൺസാണ് താരത്തിന്റെ സമ്പാദ്യം. ടൂർണമെന്റിൽ ഇതുവരെ 28 ഫോറുകളും അഞ്ച് സിക്സറുകളുമാണ് കൃഷ്ണപ്രസാദിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഈ സീസണിലെ ആദ്യ ഫിഫ്റ്റി കൊല്ലം സെയ്ലേഴ്സിനെതിരെ ആയിരുന്നു. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ റൺസെടുത്ത താരമായിരുന്നു റോയൽസിന്റെ ക്യാപ്റ്റൻ.