October 25, 2026

ടി20 യിൽ മറ്റൊരു ഇന്ത്യൻ ഓപ്പണർക്കുമില്ലാത്ത ചരിത്രനേട്ടവുമായി അഭിഷേക് ശർമ്മ; റണ്‍വേട്ടയില്‍ സഞ്ജു നാലാമത്

SHARE

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ 27 റൺസെടുത്ത് പുറത്തായെങ്കിലും അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. കിവീസിനെതിരെ 27 റണ്‍സെടുത്തതോടെ കലണ്ടർ വർഷത്തിൽ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. രോഹിത് ശർമ്മ, വീരേന്ദർ സെവാഗ് തുടങ്ങിയ ഇതിഹാസ ഓപ്പണർമാർക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഈ യുവതാരം സ്വന്തം പേരിൽ കുറിച്ചത്. 2026-ൽ ഇതുവരെ 36 ടി20 മത്സരങ്ങൾ കളിച്ച അഭിഷേക് 199.60 എന്ന സ്ട്രൈക്ക് റേറ്റിലും 28.91 ശരാശരിയിലും 1012 റൺസാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം 1000 റൺസ് കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. 35 മത്സരങ്ങളിൽ നിന്ന് 1159 റൺസ് നേടിയ ഇഷാൻ കിഷനാണ് പട്ടികയിൽ ഒന്നാമത്. സൂര്യകുമാർ യാദവിന് (2022-ൽ 1164 റൺസ്) ശേഷം ഒരു കലണ്ടർ വർഷത്തിൽ 1000 ടി20 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് അഭിഷേക്. ഈ വര്‍ഷം കളിച്ച 27 മത്സരങ്ങളില്‍ 177.37 സ്ട്രൈക്ക് റേറ്റിലും 30.15 ശരാശരിയിലും 784 റണ്‍സ് നേടിയിട്ടുള്ള മലയാളി താരം സഞ്ജു സാംസണ്‍ ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരിൽ നാലാമതുണ്ട്. 24 മത്സരങ്ങളിൽ 895 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രിയൻ താരം കരണ്‍ബിർ സിംഗാണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. 32 മത്സരങ്ങളിൽ 715 റണ്‍സ് നേടിയ തിലക് വര്‍മ അഞ്ചാമതുണ്ട്. ഇതിനുപുറമേ മറ്റൊരു റെക്കോർഡും താരം സ്വന്തമാക്കി. ടി20 പവർപ്ലേ ഓവറുകളിൽ 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോർഡാണ് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പവർപ്ലേയില്‍ ഒരു സിക്സ് പറത്തി അഭിഷേക് സ്വന്തമാക്കിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് ശേഷിക്കെ മറികടന്നിരുന്നു. അഭിഷേക് ശർമ്മ (27), സഞ്ജു സാംസൺ (14) എന്നിവരുടെ വിക്കറ്റുകൾ നേരത്തെ നഷ്ടമായെങ്കിലും 17 പന്തിൽ 31 റൺസെടുത്ത നമൻ ധിറും, പുറത്താകാതെ 51 റൺസെടുത്ത തിലക് വർമ്മയും 26 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.