October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 23, 2026

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം.

SHARE

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ പരമ്പയിൽ വിജയത്തുടക്കമിട്ട് ഇന്ത്യ. ആദ്യ ട്വന്ററി 20-യിൽ നാല് വിക്കറ്റിന് കിവീസിനെ തോൽപ്പിച്ചു. 226 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ വിജയതീരത്തെത്തി. സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ് മാച്ച്.തുടക്കത്തിൽ സഞ്ജു സാംസണും മധ്യനിരയിൽ ശ്രേയസ് അയ്യരും അവസാനം നമൻ ധിറും പുറത്തെടുത്ത ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. സഞ്ജു 33 പന്തിൽ എട്ട് ഫോറും നാല് സിക്സും സഹിതം 67 റൺസ് അടിച്ചെടുത്തപ്പോൾ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസ് നേടി. അവസാന ഓവറുകളിൽ പന്ത് ബൗണ്ടറി കടത്തിയ നമൻ ധിർ 15 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 42 റൺസെടുത്തു.അഭിഷേക് ശർമ 12 പന്തിൽ 29 റൺസെടുത്ത് പുറത്തായി. തിലക് വർമ ആറ് റൺസിനും ഇഷാൻ കിഷൻ ഒരു റണ്ണിനും ക്രീസ് വിട്ടു. അക്സർ പട്ടേൽ 14 പന്തിൽ 24 റൺസ് അടിച്ചു. നിധീഷ് കുമാർ റെഡ്ഡി രണ്ട് റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് കൂട്ടുകെട്ടുണ്ടാക്കി സഞ്ജുവും അഭിഷേകും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലായി. തുടർന്ന് അഞ്ചാം വിക്കറ്റിൽ അക്സർ പട്ടേലും ശ്രേയസ് അയ്യരും ചേർന്ന് 45 റൺസ് കൂട്ടുകെട്ടുണ്ടാക്കി. അക്‌സർ പുറത്തായശേഷം ശ്രേയസും നമൻ ധിറും ചേർന്ന് ആറാം വിക്കറ്റിൽ 43 റൺസും പടുത്തുയർത്തി. ന്യൂസീലൻഡിനായി ബ്രെയ്‌സ്വെല്ലും സാൻ്റ്നറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 225 റൺസ് അടിച്ചെടുത്തു. 40 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 82 റൺസെടുത്ത് പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്‌സിൻ്റെ ബാറ്റിങ്ങാണ് ന്യൂസീലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.ന്യൂസീലൻഡിന് ഓപ്പണർമാരായ ടിം സെയ്ഫേർട്ടും ഫിൻ അലനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 49 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തിൽ 24 റൺസ് നേടിയ സെയ്ഫേർട്ടിനെ പുറത്താക്കി മായങ്ക് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഫിൻ അലനാണ് പിന്നീട് പുറത്തായത്. 24 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 45 റൺസ് അടിച്ച ഫിൻ അലനെ അക്സ‌ർ പട്ടേൽ, തിലക് വർമയുടെ കൈകളിലെത്തിച്ചു.
പിന്നീട് കിവീസിൻ്റെ ഇന്നിങ്സ് മുന്നോട്ടുനയിച്ചത് ഗ്ലെൻ ഫിലിപ്പാണ്. ഡാരിൽ മിച്ചലുമായി ചേർന്ന് 42 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 19 പന്തിൽ 28 റൺസെടുത്ത മിച്ചൽ പുറത്തായതിന് പിന്നാലെ ബെവൺ ജേക്കബ്‌സ് ഫിലിപ്സിന് പിന്തുണ നൽകി. 16 പന്തിൽ മൂന്ന് സിക്സോടെ 31 റൺസെടുത്ത ബെവൺ ജേക്കബ്‌സ് റൺഔട്ടാകുകയായിരുന്നു. ആറ് പന്തിൽ ഏഴ് റൺസെടുത്ത് മൈക്കൽ ബ്രെയ്‌സ്‌വെൽ പുറത്താകാതെ നിന്നു.ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ജെഴ്‌സി അണിഞ്ഞ ഭുവനേശ്വർ കുമാറിന് ബൗളിങ്ങിൽ കാര്യമായി തിളങ്ങാനായില്ല. നാല് ഓവറിൽ 49 റൺസ് വഴങ്ങിയ ഭുവനേശ്വറിന് വിക്കറ്റൊന്നും ലഭിച്ചില്ല. അർഷദീപ്, അക്സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.