വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരങ്ങൾ നൽകണം; വിവരാവകാശ കമ്മീഷണർ

\വിവരാവകാശ അപേക്ഷയ്ക്ക് മറുപടി മാത്രം നൽകിയാൽ പോരെന്നും ആവശ്യപ്പെട്ട വിവരങ്ങൾ വ്യക്തമായി നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ വിവരം ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മിക്ക അപ്പീലുകളും കമ്മീഷനിൽ സമർപ്പിക്കപ്പെടുന്നത്. ഒരു കാര്യാലയത്തിൽ ലഭ്യമായിട്ടുള്ളതും നൽകാൻ കഴിയുന്നതുമായ വിവരങ്ങൾ പോലും നൽകാൻ പല വിവരാവകാശ ഓഫീസർമാരും വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. ഇവർക്കെതിരെ ശക്തമായ നടപടികൾക്കൊള്ളണമെന്നും കമ്മീഷണർ വ്യക്തമാക്കി. പൊതുജനങ്ങൾ,പല ഓഫീസുകളിൽ നൽകുന്ന പരാതികൾക്കും അപേക്ഷകൾക്കും തീർപ്പ് കല്പിക്കാൻ വൈകുന്നതിനെ തുടർന്നാണ് വിവരാവകാശ അപേക്ഷയിലൂടെ ആ പരാതിയുമായി ബന്ധപ്പെട്ട് കൈകൊണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നത്.ജനങ്ങളുടെ പരാതികളിൽ യഥാസമയം നടപടികൾ സ്വീകരിച്ചാൽ വിവരാവകാശ അപേക്ഷകളും കുറയുമെന്ന് കമ്മീഷണർ വ്യക്തമാക്കി. ഹിയറിങ്ങിൽ19 കേസുകൾ തീർപ്പാക്കി. ഒരു ഹർജി മാറ്റിവെച്ചു. വ്യക്തമായ വിവരം നൽകാത്ത കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്, ഡി.വൈ.എസ്.പി.ഓഫീസ് കണ്ണൂർ, കെൽട്രോൺ കണ്ണൂർ, കണ്ണൂർ കലക്ടറേറ്റ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാരോട്, കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകാൻ കമ്മീഷണർ നിർദേശിച്ചു. വിവരാവകാശ നിയമം പാലിച്ച് നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. ഹിയറിങ്ങിൽ ഹാജരാവാത്ത ഉദ്യോഗസ്ഥർക്ക്, തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് ഹജരാവാനായി, സമൻസ് നൽകും.

