ബൈരക്കുപ്പ പാലം സേതുബന്ധൻ പദ്ധതിയിൽ; നിർമാണ നടപടികൾ ഉടനെ ആരംഭിക്കും- മന്ത്രി പി.കെ. ബഷീർ

32 വർഷമായി മുടങ്ങിക്കിടന്ന വയനാട്ടിലെ ബൈരക്കുപ്പ പാലത്തിന്റെ നിർമാണ നടപടികൾ ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അറിയിച്ചു. പാലം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാർ നടത്തിയ നിരന്തര ശ്രമങ്ങൾ വിജയം കണ്ടതോടെ 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പാലം നിർമാണത്തിന് അനുമതിയും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. അതിന്റെ ഫലമായാണ് പാലം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്താനും 27 കോടി രൂപ നേടിയെടുക്കാനും കഴിഞ്ഞത്. ഇത് പ്രദേശവാസികളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമിടുന്ന സുപ്രധാന ചുവടുവയ്പാണെന്നും മന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിട്ട് കാണുകയും വിഷയത്തിൽ നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാലം നിർമാണത്തിനുള്ള കർണാടക സർക്കാരിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി.) ലഭിച്ചത്. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകളും ഇക്കാര്യത്തിലുണ്ടായി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് ഇതോടെ കൂടുതൽ വേഗം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. പാലത്തിന്റെ അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി ചർച്ചകൾ നടത്തിവരികയാണ്. പാലം നിർമാണത്തിനുള്ള എൻ.ഒ.സി. നൽകുക എന്നതാണ് കർണാടക സർക്കാരിന്റെ ഉത്തരവാദിത്വം. കർണാടക ഭാഗത്തേതുൾപ്പെടെയുള്ള അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ, നിർമാണ മേൽനോട്ടം, തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവ കേരള പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലായിരിക്കും. ഇതിനാവശ്യമായ മുഴുവൻ ചെലവും കേരളം തന്നെ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 1994 സെപ്റ്റംബർ 24-നാണ് തറക്കല്ലിട്ടത്. വിവിധ കാരണങ്ങളാൽ നിർമാണം ആരംഭിക്കാനാകാതെ പദ്ധതി നീണ്ടുപോവുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പാലത്തിന്റെ പ്രാധാന്യം വീണ്ടും സജീവ ചർച്ചയാവുകയും നിർമാണം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൈവരികയും ചെയ്തു. പാലം യാഥാർഥ്യമാകുന്നതോടെ പെരിക്കല്ലൂർ ഉൾപ്പെടെയുള്ള വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകും. നിലവിലുള്ള യാത്രാപ്രയാസങ്ങൾ കുറയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലും പാലം വലിയ സൗകര്യങ്ങൾ സൃഷ്ടിക്കും. പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് ബൈരക്കുപ്പ പാലം പ്രധാന ബദൽ ഗതാഗതമാർഗമായി മാറും. ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലെ യാത്രാദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും പാലം സഹായകമാകുമെന്നാണ് പ്രതീക്ഷ. ദേശീയപാത 766-ലെ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും പദ്ധതിക്ക് പ്രാധാന്യമുണ്ട്. വികസന പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബന്ധപ്പെട്ട വകുപ്പുകളുമായും കർണാടക സർക്കാരുമായും ഏകോപനം ഉറപ്പാക്കി പാലം നിർമാണത്തിനുള്ള തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പി.കെ. ബഷീർ അറിയിച്ചു.

