ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നാളെ; ബെഞ്ചമിൻ നെതന്യാഹുവിന് നിർണ്ണായകം.

SHARE

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഇസ്രയേലിൽ നാളെ പൊതുതെരഞ്ഞെടുപ്പ്. 120 അം​ഗ പാർലമെൻ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ ഇസ്രയേലിലെ പൊതുതിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. ഇറാൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ നിരവധി വിഷയങ്ങൾ ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിക്കൂട്ടിൽ നിർത്തി ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. സുരക്ഷാ വീഴ്ചകളുടെ പേരിലും രാജ്യത്ത് കടുത്ത വിമർശനങ്ങളാണ് ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത്.

എന്നാൽ ഇറാൻ യുദ്ധത്തിൻ്റെ വൈകാരികത പരമാവധി വോട്ടാക്കിമാറ്റാനുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ടെൽ അവീവിൽ ആണവ ആക്രമണം നടത്തുന്നതിൻ്റെ ചിത്രം ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ചത് ഇതിൻ്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. താൻ വിജയിച്ചില്ലെങ്കിൽ രണ്ടാം ഹോളോകോസ്റ്റ് നടക്കുമെന്ന നെതന്യാഹുവിൻ്റെ പ്രഖ്യാപനവും ഇതിൻ്റെ ഭാ​ഗമായാണ് കണക്കാക്കുന്നത്. ഇതിൻ്റെ നെതന്യാഹുവും ഐഡിഎഫ് ചീഫും തമ്മിൽ ഭിന്നതയെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനെ വീണ്ടും ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തെ ഐഡിഎഫ് ചെറുത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. നെതന്യാഹുവിന്റെ നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെണെന്ന വിമർശനവുമായി പ്രതിപക്ഷവും രം​ഗത്ത് വന്നിരുന്നു. ഇതെല്ലാം പരി​ഗണിക്കുമ്പോൾ ഈ തെരഞ്ഞെടുപ്പ് നെതന്യാഹുവിന് വലിയൊരു അഗ്നിപരീക്ഷയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന ബഹുമതിയുള്ള ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്നാണു സർവേഫലങ്ങൾ പറയുന്നത്. പശ്ചിമേഷ്യയുടെയാകെ ഭാവി നിർണയിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പ് നിർണായകമാകും. അരലക്ഷം പേരാണ് ഈ ഇലക്ഷന് ആദ്യമായി വോട്ട് ചെയ്യുന്നത്, കൂടാതെ വിദേശത്തു നിന്ന് 70,000-ത്തോളം ഇസ്രായേലികൾ വോട്ട് ചെയ്യാൻ എത്തിയതായും റിപ്പോർട്ടുണ്ട്.

രാജ്യമാകെ ഒറ്റ മണ്ഡലമായി കണക്കാക്കിയാണ് ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് 120 അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വ്യക്തികൾക്ക് പകരം രാഷ്ട്രീയ പാർട്ടി ലിസ്റ്റുകൾക്ക് വോട്ട് ചെയ്യുന്ന രീതിയിലാണ് ഈ തിരഞ്ഞെടുപ്പ്. പാർലമെന്റിൽ സീറ്റ് ലഭിക്കാൻ ഒരു പാർട്ടി കുറഞ്ഞത് 3.25% വോട്ട് നേടേണ്ടതുണ്ട്. തുടർന്ന് ഈ പരിധി പിന്നിടുന്ന പാർട്ടികളുടെ വോട്ട് വിഹിതത്തിന് ആനുപാതികമായാണ് സീറ്റുകൾ വീതിച്ചുനൽകുന്നത്. മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പാർലമെന്റിൽ കേവല ഭൂരിപക്ഷമായ 61 സീറ്റുകൾ തികയ്ക്കാൻ കഴിയുന്ന നേതാവിനെയാണ് പ്രസിഡന്റ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുന്നത്. അതുകൊണ്ടുതന്നെ 1948-ൽ രാജ്യം നിലവിൽ വന്നതുമുതൽ 25 നെസെറ്റുകൾ കണ്ട ഇസ്രയേലിൽ നിരന്തരം കൂട്ടുമന്ത്രിസഭകളാണ് അധികാരത്തിലേറുന്നത്. ഒക്ടോബർ 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക ഫലപ്രഖ്യാപനം നവംബർ 4-നോടടുത്താണ് പ്രതീക്ഷിക്കുന്നത്.2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ആദ്യ ദേശീയ തിരഞ്ഞെടുപ്പാണിത്. ഹമാസിന്റെ ആക്രമണം മുൻകൂട്ടി കാണുന്നതിലും തടയുന്നതിലുമുണ്ടായ സുരക്ഷാ വീഴ്ചയും, തുടർന്നുള്ള ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയും നെതന്യാഹുവിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിൻ്റെ യഷാർ പാർട്ടിയാണ് നെതന്യാഹുവിൻ്റെ പ്രധാന എതിരാളി. സൈന്യത്തിൽ എല്ലാവർക്കും തുല്യമായ സേവനം, ഉയർന്ന ജീവിതച്ചെലവ് പരിഹരിക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ഒക്ടോബർ 7-ലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ഔദ്യോഗിക കമ്മീഷനെ നിയോഗിക്കും തുടങ്ങിയവയാണു പ്രതിപക്ഷ പാർട്ടിയുടെ വാഗ്ദാനങ്ങൾ. ഗാസയിൽ ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ 25 വയസ്സുള്ള മകനും രണ്ട് അനന്തരവൻമാരും കൊല്ലപ്പെട്ടു എന്നതും ഗാഡി ഐസൻകോട്ടിൻ്റെ ജനപിന്തുണയ്ക്ക് കാരാണമാവുന്നു.