വിമർശനം അന്ധൻ ആനയെ കണ്ടത് പോലെ’; പി ജയരാജനെ സംവാദത്തിന് ക്ഷണിച്ച് വെള്ളാപ്പള്ളി നടേശൻ

SHARE

ശ്രീനാരായണീയ ദർശനങ്ങളെ പിന്തുടരുന്ന ആളാണോ വെള്ളാപ്പള്ളി എന്ന പി ജയരാജന്റെ വിമർശനത്തിനു മറുപടിയുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശശൻ. പി ജയരാജൻ്റെ വിമർശനം വ്യക്തിപരമെന്നും സിപിഐഎമ്മിൻ്റേതല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. പി ജയരാജൻ്റെ വിമർശനം അന്ധൻ ആനയെ കണ്ടത് പോലെയാണെന്നും അതു പറയാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പിണറായിക്ക് പി ജയരാൻ്റെ അഭിപ്രായം ഇല്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു.

വിമർശിച്ചു വിമർശിച്ച് പി ജയരാജൻ്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്നും പാർട്ടിയ്ക്കകത്ത് നിന്ന് പാർട്ടിയെ വിമർശിച്ചല്ലേ ജയരാജൻ മുന്നോട്ടുപോകുന്നത്. പി ജയരാജൻ എന്നും പാർട്ടിക്ക് അകത്തുനിന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാൾ. തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ട് കിട്ടിയത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

താൻ ഹിന്ദുവാണെന്നും എന്നാൽ ഹിന്ദുത്വത്തിന്റെ കാലാൾപ്പടയായി പിന്നോക്കക്കാരെ കൊണ്ട് കെട്ടാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. അത് പി ജയരാജന്റെ തെറ്റായ ധാരണയാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പി ജയരാജനെ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും തെറ്റ് തിരുത്തി കൊടുക്കാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പി ജയരാജന്റെ ഉത്പന്നം കൈത്തറി ലക്ഷക്കണക്കിനാണ് താൻ കൊണ്ട് നടന്ന് വിറ്റത്. അന്നൊന്നും പി ജയരാജൻ ഒരു ആക്ഷേപവും ഉന്നയിച്ചില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ വിമർശിച്ചോ എങ്കിൽ താൻ സമ്മതിക്കാം. ഇതുപോലുള്ള വാപ്പിളക്കുകൾ പറയുന്നത് താൻ കാര്യമാക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിൻറെ പ്രവർത്തനം വിലയിരുത്താറായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സർക്കാരിന് മൈനസ് മാർക്കിടാറായില്ല. ബാലാരിഷ്ടതകൾ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ മുരളീധരൻ പുത്തരിയിൽ കല്ലു കടിച്ച ആളാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. ആദ്യം തന്നെ സെക്രട്ടറിയെ മാറ്റാൻ നോക്കി. മാറിയില്ല. വീണിടത്ത് കിടന്നു ഉരുളുകയല്ലേ. കെ മുരളീധരൻ പ്രായോഗികമായി ആലോചിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളിൽ കുറവ് വന്നിട്ടുണ്ട്. കുറച്ച് അപാകത ഉണ്ടായിട്ടുണ്ട്. തുടക്കമല്ലേ കാത്തിരുന്നു കാണാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.