ഹർമനും ദീപ്തിക്കും സെഞ്ച്വറി; സിംബാബ്‌വെയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

SHARE

ടി20 പരമ്പരയ്ക്ക് പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. രണ്ടാം ഏകദിനത്തിൽ 121 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. 329 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 48.5 ഓവറിൽ 207 റൺസിന് ഓൾഔട്ടായി.സിംബാബ്വെയ്ക്കായി മോഡെസ്റ്റർ മൂപചിക്വ 49 റൺസും ചിപ്പോ മുഗേരി-തിരിപാനോ 46 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ 39 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ദീപ്തി ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഹർമൻപ്രീത് കൗറിന്റെയും ദീപ്തി ശർമയുടെയും സെഞ്ചുറി മികവിലാണ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തത്.എട്ടാം ഏകദിന സെഞ്ചുറി നേടിയ ഹർമൻപ്രീത് 121 പന്തിൽ നിന്ന് 15 ബൗണ്ടറികളടക്കം 126 റൺസെടുത്തു. രണ്ടാം ഏകദിന സെഞ്ചുറി കുറിച്ച ദീപ്തി ശർമ 86 പന്തിൽ നിന്ന് 15 ബൗണ്ടറികളടക്കം 106* റൺസോടെ പുറത്താകാതെ നിന്നു.