ജനറിക് കമ്പനിക്ക് വേണ്ടിയാണ് പ്രതിപക്ഷം വാദിക്കുന്നത്; ആരോഗ്യരംഗത്ത് അത്ഭുതകരമായ മാറ്റങ്ങൾ‌ സർക്കാർ കൊണ്ടുവരും; മുഖ്യമന്ത്രി.

SHARE

ടാസ്ക് ഫോഴ്സ് രൂപീകരണത്തിലും എസ്എംഎ രോഗബാധിതർക്കുള്ള മരുന്നിനെച്ചൊല്ലിയും നിയമസഭയിൽ ഭരണപ്രതിപക്ഷപ്പോര്. പതിനാറാംഗ ടാസ്ക്ഫോഴ്സ് അംഗങ്ങളുടെ യോഗ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവിമർശനം. എന്നാൽ ഉത്തർ പ്രദേശ് മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നിയമനത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ന്യായീകരിച്ചു. ടാസ്ക് ഫോഴ്സ് രൂപീകരണം ആരോഗ്യമന്ത്രി കെ മുരളീധരൻ അറിഞ്ഞില്ലെന്ന വിമർശനം മുഖ്യമന്ത്രി തള്ളി. താനും ആരോഗ്യമന്ത്രിയും ഒരുമിച്ചിരുന്നാണ് യോഗം നടത്തിയതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ കെപിസിസി ആണോ നിർദ്ദേശിച്ചത് എന്ന് ഇവിടെ ചോദിച്ചു. ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ എകെജി സെന്ററിൽ പോകുന്ന പാർട്ടി അല്ല തങ്ങളുടേത്. ടാസ്ക് ഫോഴ്സിലെ ആളുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് സൈലൻ്റ് സിൻഡിക്കേറ്റ് ഉണ്ട്. സൈലന്റ് സിൻഡിക്കേറ്റിന് വിലക്കിനിർത്താനുള്ള തീരുമാനത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനറിക് കമ്പനിക്ക് വേണ്ടിയാണ് പ്രതിപക്ഷം വാദിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരിമിതിയിൽ നിന്നുകൊണ്ടും ആരോഗ്യ വകുപ്പിനെ സഹായിക്കും. ചികിത്സാ ചെലവ് കുറയ്ക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ ടാർഗറ്റ്. ആരോഗ്യരംഗത്ത് ലോകം മുഴുവൻ അത്ഭുതകരമായ മാറ്റങ്ങളാണ് നടക്കുന്നത്. അത് കേരളത്തിലും ഈ സർക്കാർ കൊണ്ടുവരുമെന്നും ചികിത്സാ ചെലവ് കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എംഎ രോഗബാധിതർക്കുള്ള മരുന്ന് മാറ്റിയ വിവാദവും പ്രതിപക്ഷം ഉയർത്തി. നാറ്റ്കോയ്ക്ക് ടെണ്ടർ നൽകിയതും മരുന്ന് പരീക്ഷണമെന്ന ആരോപണം ആവർത്തിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ ജനറിക് മരുന്നിൽ എന്താണ് നിലപാട് എന്നായിയുന്നു പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രിയുടെ ചോദ്യം.