August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

ഫുട്‌ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗം; കടല്‍ജീവിക്ക് അല്‍ഡിസ വൊസിഞ്ഞ എന്ന് പേര്

SHARE

ഫിഫ ലോകകപ്പില്‍ മിന്നും സേവുകളുമായി താരമായ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. വൊസിഞ്ഞയോടുള്ള ബഹുമാനര്‍ഥം കരീബിയന്‍ കടലില്‍ നിന്നും പുതുതായി കണ്ടെത്തിയ ജീവിക്ക് ഗവേഷകര്‍ അല്‍ഡിസ വൊസിഞ്ഞ എന്ന് പേരിട്ടു. ഫുട്‌ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗമാകും.ഫിഫ ലോകകപ്പിലെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കന്നിക്കാരായ കേപ് വെര്‍ദെയുടെയും അവരുടെ കാവല്‍ ഭടന്‍ വൊസീഞ്ഞയുടെതും.
മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ ഏഴ് മിന്നും സേവുകളുമായാണ് വൊസീഞ്ഞ താരമായത്. അവിടെയും തീര്‍ന്നില്ല ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെയും വിറപ്പിച്ചു വൊസീഞ്ഞയും സംഘവും. വൊസിഞ്ഞയുടെ പ്രകടനം കണ്ട് ആവേശം മൂത്തത് സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഒവിഡോയിലെ പ്രൊഫസറും ഗവേഷകനുമായ ജീസസ് ഒര്‍ട്ടേയയ്ക്കാണ്. കരീബിയന്‍ കടലില്‍ ക്യൂബയ്ക്കും ഗ്വാഡലൂപ്പിനും സമീപത്തുനിന്ന് താന്‍ പുതുതായി കണ്ടെത്തിയ, ശാസ്ത്രലോകത്തിന് ഇതുവരെ അറിയപ്പെടാത്ത ഒരു കുഞ്ഞന്‍ ചുവപ്പ് കടല്‍ ജീവിക്ക് അദ്ദേഹം വോസിഞ്ഞയുടെ പേര് നല്‍കി. ആല്‍ഡിസ വോസിഞ്ഞ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. വെറും 4 മില്ലിമീറ്റര്‍ മാത്രമാണ് ഇതിന്റെ വലിപ്പം.

ഗവേഷകനായ ജീസസ് ഒര്‍ട്ടേയ ഒരു ഫുട്‌ബോള്‍ താരത്തിന്റെ പേര് ഒരു ജീവിക്ക് നല്‍കുന്നത് ഇതാദ്യമല്ല. മുന്‍ റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസിനോടുള്ള ബഹുമാനാര്‍ഥം 2019-ല്‍ അദ്ദേഹം കണ്ടെത്തിയ ഒരു കടല്‍ ഒച്ചിനും നവാസിന്റെ പേര് നല്‍കിയിട്ടുണ്ടായിരുന്നു.

മൈതാനത്ത് എതിരാളികളുടെ ഉറക്കം കെടുത്തിയ വോസിഞ്ഞയുടെ കൈക്കരുത്തിന് ശാസ്ത്രലോകം നല്‍കിയ അപൂര്‍വ്വ അംഗീകാരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും കായിക ലോകത്തും വന്‍ ഹിറ്റാണ്. മൈതാനത്ത് മാത്രമല്ല, ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും ഈ 40-കാരന്‍ സൂപ്പര്‍ സ്റ്റാറാണ്.