ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: ‘സേഫ് ഓട്ടോ’ പദ്ധതി കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ: സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ‘സേഫ് ഓട്ടോ’ പദ്ധതിക്ക് തുടക്കമായി. 2026 ഒക്ടോബർ 27-ന് പോലീസ് സഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷ ഉറപ്പാക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, നിയമപരമായ ബാധ്യതകളെക്കുറിച്ച് അവബോധം നൽകുക, അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ പ്രതികരണം നൽകാൻ ഡ്രൈവർമാരെ സജ്ജരാക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ എസ്.സി.പി.ഒ ശ്രീ. റിനോജ് കെ. സ്വാഗതം ആശംസിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. മഹേഷ് കണ്ടബേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീ. രാജീവൻ വലിയവളപ്പിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൂർ ട്രാഫിക്ക് എൻഫോസ്മെന്റ് യൂണിറ്റ് എസ്.ഐ. ശ്രീ. സുരേഷ് കുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കണ്ണൂർ റേഞ്ച് ഓഫീസ് എ.എസ്.ഐ. ശ്രീ. ആർ.വി. സതീഷ് ക്ലാസെടുത്തു.
പരിപാടിയിൽ പങ്കെടുത്ത ഓട്ടോറിക്ഷാ തൊഴിലാളികൾ തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പ്രായോഗിക പ്രശ്നങ്ങളും പങ്കുവെച്ചു. തുടർന്ന് ഓട്ടോറിക്ഷകളിൽ സുരക്ഷിത യാത്രയുടെ സന്ദേശമുയർത്തുന്ന ‘സേഫ് ഓട്ടോ’ സ്റ്റിക്കറുകൾ പതിപ്പിച്ചു. ചടങ്ങിനൊടുവിൽ കണ്ണൂർ ട്രാഫിക്ക് എൻഫോസ്മെന്റ് യൂണിറ്റിലെ ശ്രീ. കെ.പി സദക്കത്തുള്ള നന്ദി രേഖപ്പെടുത്തി

