അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിബിഐ കോടതി വിധി പറയുക നവംബര്‍ 12ന്; ടിവി രാജേഷും പി ജയരാജനും ഉള്‍പ്പെടെ പ്രതികള്‍.

SHARE

ഏറെ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി നവംബര്‍ 12ന് . എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. പ്രതിപട്ടികയിലുള്ള സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയവര്‍ സിബിഐ കോടതിയില്‍ എത്തിയില്ല.2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയില്‍ സ്വദേശി ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ച് തടങ്കലില്‍ ബന്ദിയാക്കി കൊലപ്പെടുത്തി എന്നതിന് കേസെടുത്തു. 18 സിപിഐഎം പ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ പ്രതിചേര്‍ത്തു. പിന്നീട് പി ജയരാജനും ടിവി രാജേഷിനെയും ചോദ്യം ചെയ്തു. തുടര്‍ന്ന് പി ജയരാജന്‍ അറസ്റ്റില്‍. പ്രതിയായിരുന്ന ടിവി രാജേഷ് കോടതിയില്‍ കീഴടങ്ങി. ഇവര്‍ 32 , 33 പ്രതികളാണ്.കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത് 2016 ഫെബ്രുവരി എട്ടിനാണ്. ഷുക്കൂറിന്റെ അമ്മയുടെ ഹര്‍ജിയിലായിരുന്നു നടപടി. തുടര്‍ന്ന് പി ജയരാജനും ടിവി രാജേഷിനും എതിരെകൊലകുറ്റം, ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 82 സാക്ഷികളെ വിസ്തരിച്ചു. ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷമാണ് നവംബര്‍ 12ന് പ്രത്യേക സിബിഐ കോടതി വിധി പറയുന്നത്.രാഷ്ട്രീയമായും സാമൂഹികമായും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോടതിവിധി വരുമ്പോള്‍ സിബിഐ മുന്നോട്ടുവയ്ക്കുന്ന ഗൂഢാലോചന കുറ്റം എത്രത്തോളം തെളിയിക്കപ്പെടും എന്നത് നിര്‍ണായകമാണ്. കാരണം സാക്ഷികളായി മൊഴി നല്‍കേണ്ട പലരും വിദേശത്തായതിനാല്‍ കോടതിയില്‍ എത്തിച്ചേര്‍ന്നിരുന്നില്ല.