‘കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമാണ് ലഭിച്ചത്, ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചിരുന്നു’: വ്യാജ പ്രചാരണങ്ങൾക്കെതിരെ ഊരാളുങ്കൽ.

SHARE

കിഫ്ബിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് ഊരാളുകൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രം​ഗത്ത്. വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുത്. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമാണ് ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് പൂർത്തിയാക്കിയതെന്നും ഊരാളുങ്കൽ പറഞ്ഞു. ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വോട്ട് ചെയ്തതുകൊണ്ടാണ് ടെൻഡർ ലഭിച്ചത്. ദുരൂഹത ഉണ്ടാക്കി ഊരാളുങ്കലിനെ തകർക്കാൻ ശ്രമിക്കരുതെന്നും ഊരാളുങ്കൽ സർവീസ് സൊസൈറ്റി പറഞ്ഞു.

കിഫ്ബി വഴി ഊരാളുങ്കലിന് നൽകിയ പദ്ധതികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരിച്ചാണ് ഊരാളുങ്കൽ സർവീസ് സൊസൈറ്റി ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.

ഊരാളുങ്കൽ സർവീസ് സൊസൈറ്റി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂർണരൂപം:-

കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നും അതിലേക്കു വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വന്ന വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചത്. ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാദ്ധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു. 18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.