പുരളിമല മുത്തപ്പൻ മടപ്പുരക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് മടപ്പുര സംരക്ഷണ സമിതി.

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിലും അച്ചടക്ക നടപടികളിലും യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ചില വ്യക്തികൾ സംഘടിതമായി വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്ന് മടപ്പുര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മടപ്പുരയിലെ വാദ്യക്കാരനായിരുന്ന അനിരുദ്ധൻ അച്ചടക്കത്തിനും പെരുമാറ്റച്ചട്ടങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് വിശദീകരണം തേടി നോട്ടീസ് നൽകിയത്. മറുപടി വസ്തുതാവിരുദ്ധവും തെറ്റുകൾ നിഷേധിക്കുന്നതുമായിരുന്നുവെങ്കിലും തെറ്റ് തിരുത്താൻ വീണ്ടും അവസരം നൽകി. എന്നാൽ തിരുത്താൻ തയാറാകാത്തതിനാലാണ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഉത്തരവ് ലംഘിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കമ്മിറ്റിയുടെ നിലപാട് മൂലം അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വരികയായിരുന്നു. തുടർന്ന് കമ്മിറ്റിക്കെതിരെ വ്യാജമായി ‘ദളിത് പീഡന ആരോപണം’ ഉയർത്തി ദുഷ്പ്രചരണം നടത്താനാണ് ചിലർ ശ്രമിച്ചത്. നിലവിൽ മടപ്പുരയിൽ പൂജകളും കർമ്മങ്ങളും നിർവ്വഹിക്കുന്നത് ഇതേ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ തന്നെയാണ്. ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരായ സ്വാഭാവിക നടപടിയെ മുൻപ് പല കാരണങ്ങളാൽ മാറിപ്പോയവരെക്കൂടി കൂട്ടുപിടിച്ച് ജാതീയമായ പീഡനമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭക്തജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കുപ്രചരണം തള്ളിക്കളയണമെന്നും മടപ്പുര സംരക്ഷണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു . വാർത്താ സമ്മേളനത്തിൽ കെ. കെ മോഹൻ ദാസ്, എൻ വി ജനാർദ്ദനൻ, എം. ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

