November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

കാക്കനാട് ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; ബസ് ഡ്രൈവര്‍ രണ്ട് ലഹരി കേസ് ഉള്‍പ്പെടെ 7 കേസുകളില്‍ പ്രതി.

SHARE

കാക്കനാട് ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യബസ്  ഡ്രൈവര്‍ ബിനോയ് ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ രണ്ട് ലഹരി കേസുകളിലും ഉള്‍പ്പെടുന്നു എന്നാണ് ഞെട്ടികുന്ന വിവരം. ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കായ് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വീഴ്ച വരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇന്നലെയാണ് അശ്രദ്ധമായി ഒടിച്ച ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി അക്ഷര ( 29) മരിച്ചത്. വീതി കുറഞ്ഞ റോഡിൽ അരികുചേർന്നാണ് അക്ഷര നടന്നിരുന്നത്. അവിടേക്ക് പാഞ്ഞെത്തിയ ബസാണ് ഇവരുടെ ജീവന്‍ കവര്‍ന്നെടുത്തത്. ജിമ്മില്‍ പോയി മടങ്ങവെയായിരുന്നു അക്ഷരയ്ക്ക് അപകടമുണ്ടായത്.എറണാകുളത്ത് തുടര്‍ച്ചയായി സ്വകാര്യ ബസുകള്‍ അപകടമുണ്ടാക്കിയ പശ്ചാത്തലത്തില്‍ പൊലീസ് ഇടപെട്ട് ഡ്രൈവര്‍മാര്‍ക്ക് പിസിസി കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സമാന അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് ക്രമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ബസ് ജീവനക്കാരായി തുടരുന്നു എന്ന വിവരം പുറത്തുവരുന്നത്. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഇടയ്ക്ക് വെച്ച് ഒരു ഇരുചക്ര വാഹനം ബസിന് മുന്നില്‍ മറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ബസ് കുറച്ച് സമയം വൈകിയതിനാലാണ് വേഗതയില്‍ പോകേണ്ടി വന്നതെന്നായിരുന്ന ഡ്രൈവര്‍ ബിനോയിയുടെ മൊഴി.എന്നാല്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ തൊട്ട് എതിര്‍ഭാഗത്ത് മറ്റൊരു ബസ് കൃത്യമായി വേഗത കുറച്ച് പോകുന്നതും കാണാനാകും. അതേസമയം റോഡില്‍ ഫൂട്പാത്ത് ഇല്ലാതിരുന്നതും റോഡിന് വീതി കുറഞ്ഞതും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ പരിമിതമായ സ്ഥലത്ത് കൂടിയായിരുന്നു അശ്രദ്ധമായും അമിത വേഗത്തിലും ബിനോയ് ബസ് ഓടിച്ചത്. ഇയാളെ കുറ്റകരമായ നരഹത്യ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. അപകടമുണ്ടാക്കിയ ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.