കേരളത്തിൽ വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട സമയമല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പ്രതിസന്ധിയെന്ന് പറയുന്നത് എന്തിന്? ക്ഷാമമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുകയാണ്: പിണറായി വിജയൻ

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി നിർമിച്ചെടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്താകമാനം വൈദ്യുതിയുടെ ക്ഷാമം ഉണ്ടാകുന്ന സമയമല്ല. എന്നിട്ടും മുഖ്യമന്ത്രി വൈദ്യുതരംഗത്ത് വലിയ പ്രതിസന്ധിയാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ആണെന്ന് പിണറായി വിജയൻ ചോദിച്ചു. ക്ഷാമം ഉണ്ട് എന്ന പ്രതീതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാഭാവികമായി വൈദ്യുതി രംഗത്ത് ക്ഷാമം ഉണ്ടാകേണ്ട ഘട്ടമല്ല. പക്ഷേ ക്ഷാമം ഉണ്ട് എന്ന പ്രതീതി ഉണ്ടാക്കിയെടുക്കുകയാണ്. പ്രതിസന്ധി എന്ന പരസ്യവാചകം ചേർക്കുന്നു. എന്നാൽ യഥാർത്ഥ പ്രതിസന്ധി അല്ല, കൃത്രിമമായി സൃഷ്ടിക്കുന്ന പ്രതിസന്ധിയാണിത്.
സ്വകാര്യ കുത്തകകളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണോ വൈദ്യുതി പ്രതിസന്ധി വിവാദം എന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേരളത്തിൽ വൈദ്യുതിക്ഷമം നിലനിൽക്കുന്നു എന്ന് പറയാൻ സാധിക്കില്ല. അതീവ ഗൗരവമായ ഒട്ടേറെ കാര്യങ്ങൾ ഇതിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുതിയുടെ കാര്യങ്ങൾ വൈദ്യുതി ബോർഡാണ് സാധാരണ രീതിയിൽ കൈകാര്യം ചെയ്യുക. സർക്കാരിന് അതിൽ ഒരു പങ്കുമില്ല. പ്രധാന ഉത്തരവാദിത്വം ബോർഡിനാണ്. വൈദ്യുതി വാങ്ങാൻ കരാർ വെച്ചതിൽ കാര്യങ്ങൾ നേരെയാണ് എന്ന് പറയാനാകില്ല. വൈദ്യുതി ബോർഡ് എടുത്ത നിലപാട് തള്ളിക്കൊണ്ടുള്ള സമീപനം സർക്കാർ എടുത്തു. ഇത് അതീവ ഗുരുതരമാണ്.
വൈദ്യുതി ബോർഡ് തെറ്റായ സമീപനം എടുത്താൽ സർക്കാരിന് ഇടപെടാം. എന്നാൽ ഇവിടെ വൈദ്യുതി ബോർഡ് എടുത്ത സമീപനം തെറ്റാണ് എന്ന് പറയാൻ സാധിക്കില്ല. വൈദ്യുതി മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കാൻ പാടുണ്ടോ? എന്താടിസ്ഥാനത്തിലാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് ചോദിച്ച അദ്ദേഹം സാധാരണ രീതിയിൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇതിന് പിന്നിൽ ഇല്ലേ എന്ന സംശയം ഉയരുന്നുണ്ടെന്നും പറഞ്ഞു.
കരാർ ഒപ്പിടാൻ താൻ തന്നെയാണ് തീരുമാനിച്ചത് എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അങ്ങനെ ഒരു നടപടിക്രമം ഉണ്ടോ? മന്ത്രിസഭയുടെ കൂട്ടു ഉത്തരവാദിത്വം എവിടെപ്പോയി? പിന്നെ എന്തിനാണ് ഒരു വകുപ്പിന് മന്ത്രി എന്ന് പിണറായി വിജയൻ ചോദിച്ചു. വകുപ്പും മന്ത്രിയും ബോർഡും എടുത്ത് നിലപാടിന് ഏതെങ്കിലും തരത്തിലുള്ള പാളിച്ച് ഉണ്ടെങ്കിൽ സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ഇടപെടാം. അങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

