ലോറൻസ് ബിഷ്ണോയി അനുയായി കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ പിടിയിൽ

വാഷിങ്ടൺ: യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ യുഎസിൻ്റെ പിടിയിൽ. വിദേശത്തിരുന്ന് ബിഷ്ണോയ് സംഘത്തെ നിയന്ത്രിച്ചിരുന്ന ഇയാൾ, ഹരിയാനയിലെ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന മോസ്റ്റ് വാണ്ടഡ് കുറ്റവാളികളിൽ ഒരാളാണ്. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിനും ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കാലിഫോർണിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. സിനിമാ നിർമാതാവ് രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് ഇയാൾ തീയിട്ടിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും നിരവധി ബോളിവുഡ് നടന്മാർക്കും ഇയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്. കൊലപാതകശ്രമം, ആക്രമണം, വെടിവെപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഗുണ്ടകളായ ഹിമാൻഷു ഭൗ, നീരജ് ഫരീദ്പുരിയ എന്നിവർ യുഎസിൽ അറസ്റ്റിലായി ദിവസങ്ങൾക്കകമാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിന് പിന്നാലെ സംവിധായകനെ ഭീഷണിപ്പെടുത്തുന്ന നിരവധി ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഗുണ്ടാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നായിരുന്നു സന്ദേശങ്ങളിലെ മുന്നറിയിപ്പ്. ഭീഷണികൾ അവഗണിക്കുകയോ സംഘത്തിൻ്റെ എതിരാളികളെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. കാനഡയിലെ ഹാസ്യനടൻ കപിൽ ശർമ്മയുടെ കഫേയിലുണ്ടായ വെടിവെപ്പിലും ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, തുഷാർ കപൂർ എന്നിവർക്ക് ലഭിച്ച ഭീഷണികളിലും ഇയാളുടെ പേര് ഉയർന്ന് വന്നിരുന്നു. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോഡ് ജില്ലയിലെ ബംസുർ പ്രദേശത്തുനിന്നുള്ളയാളാണ് ഹരിചന്ദ് ജാട്ട് എന്ന ഹാരി ബോക്സർ. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി നിരവധി ക്രിമിനൽ കേസുകളിൽ ഇയാളുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, ആക്രമണം, വെടിവെപ്പ്, വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.

