സ്കൂട്ടറിൽ ലിഫ്റ്റ് നൽകി വീട്ടമ്മയുടെ ഒന്നരപ്പവൻ സ്വർണമാല കവർന്നതായി പരാതി.

പയ്യന്നൂർ: സ്കൂട്ടറിൽ ലിഫ്റ്റ് നൽകി വീട്ടമ്മയുടെ ഒന്നരപ്പവൻ സ്വർണമാല കവർന്നതായി പരാതി. പയ്യന്നൂർ മാതമംഗലത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കണാരംവയൽ സ്വദേശിനി എടവൻ ഹൗസിൽ ശാന്തയുടെ (58) മാലയാണ് കവർന്നത്.
കണാരംവയലിൽ നിന്ന് മാതമംഗലം ഭാഗത്തേക്ക് പോകാനായി കണ്ണങ്കൈയിൽ നിൽക്കുകയായിരുന്ന ശാന്തയോട്, താനും മാതമംഗലത്തേക്കാണ് എന്ന് പറഞ്ഞ് പ്രതി പരിചയഭാവം കാണിച്ച് സ്കൂട്ടറിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടയിൽ പാണപ്പുഴ സ്കൂൾ സ്റ്റോപ്പ് എത്തിയപ്പോൾ എളുപ്പ വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്കൂളിലേക്കുള്ള ഇടറോഡിലേക്ക് സ്കൂട്ടർ തിരിച്ചു.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ശാന്തയെ ഇറക്കിവിടുകയും, പെട്ടെന്ന് അവരുടെ മാല പൊട്ടിച്ചെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ പരിയാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സി സി ടി വി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

