മമ്മൂട്ടിയെ ആക്രമിക്കുന്നത് CPIM സഖാക്കള്‍ അല്ല, പിണറായിയും കല്ല്യാണത്തിന് വന്നിരുന്നു’: ബി ഗോപാലകൃഷ്ണൻ.

മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും തന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പിണറായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിടുന്നതുകൊണ്ടാണോ അതെന്നും ബി ഗോപാലകൃഷ്ണന് ചോദിച്ചു.’കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്റെ മകളുടെ കല്ല്യാണത്തിന് വന്നിരുന്നു. പിണറായി വിജയന് വന്നല്ലോ. പിണറായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിടാന്‍ പോവുകയാണോ? വരാന്‍ കഴിയാത്തതിന്റെ സാഹചര്യം ഇ പി ജയരാജന് വിളിച്ചുപറഞ്ഞായിരുന്നു. ഇതൊക്കെ വ്യക്തി ബന്ധമാണ്. മനുഷ്യന്റെ ഏറ്റവും വലിയ ക്വാളിറ്റി സ്വാര്‍ത്ഥതയ്ക്കപ്പുറം മനുഷ്യബന്ധങ്ങളുണ്ടാക്കുകയെന്നതാണ്. അടിമുടി ബിജെപിക്കാരനാണ് ഞാന്‍, എന്നാല്‍ എല്ലാവരുമായും നല്ല ബന്ധമാണ്. കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ വോട്ടുകൊണ്ടാണ് ഞാന്‍ വിജയിച്ചത്. അത് എന്റെ സമീപനമാണ്’, ബി ഗോപാലകൃഷ്ണന് പറഞ്ഞു.’മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഐഎം സഖാക്കള്‍ ചെറുതാവുകയാണ്. നേതാക്കള്‍ അത് ചെയ്യില്ല. സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മുകാരാകാന് സാധ്യതയില്ല. സിപിഐഎമ്മിന്റെ പേരുപറഞ്ഞ് നടക്കുന്നവരുണ്ട്. അവരായിരിക്കും. സംഘികള്‍ എന്നുപറയുന്ന ആളുകളുണ്ട്. അവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ല. സൈബര്‍ ആക്രമണം നടത്തുന്നത് സിപിഐഎം ആണെന്ന് വിശ്വസിക്കുന്നില്ല. മമ്മൂട്ടിയുമായി മാത്രമല്ല, എല്ലാവരുമായും എനിക്ക് നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മകളുടെ വിവാഹത്തെ ഈ രീതിയില്‍ രാഷ്ട്രീയമായി വലിച്ചിഴക്കാന്‍ താല്പര്യമില്ല. സിപിഐഎം സഖാക്കള്‍ അല്ല സൈബര്‍ ആക്രമണത്തിന് പിന്നില്‍’, ബി ഗോപാലകൃഷ്ണന് ആവര്‍ത്തിച്ചു.നടന് ദുല്‍ഖര്‍ സല്‍മാനെതിരെ ഇ ഡി കേസെടുത്തതിനാലാണ് ബിജെപി നേതാവുമായി മമ്മൂട്ടി അടുപ്പം പുലര്‍ത്തുന്നതെന്ന ആരോപണത്തെയും ബി ഗോപാലകൃഷ്ണന് തള്ളി. സിപിഐഎം സഖാക്കളുടെ അല്‍പ്പത്തം കൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്. മഹാനടന്റെ മഹാമനസ്സിനെ കളങ്കപ്പെടുത്തുന്നു. സിപിഐഎം രക്ഷപ്പെടാതെ പോകുന്നതും അതുകൊണ്ടാണ്. സിപിഐഎം കേരളത്തില്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ബിജെപി നേതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തുന്നത്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ആശംസകള്‍ നേരാനായിരുന്നു വീട്ടിലെത്തിയത്.

