സ്കൂട്ടറിൽ വീട്ടമ്മയ്ക്ക് ലിഫ്റ്റ് നൽകി കവർച്ച: പ്രതി അറസ്റ്റിൽ.

സ്കൂട്ടറിൽ വീട്ടമ്മയ്ക്ക് ലിഫ്റ്റ് നൽകി ഒന്നരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ പൂവ്വം സ്വദേശി അറസ്റ്റിൽ.കാളിയിൽ ഇടത്തിൽ വളപ്പിൽ ഹൗസിൽ മർഷാദ് (29) ആണ് പരിയാരം പൊലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്ന് പൊട്ടിച്ചെടുത്ത മാലയും കണ്ടെത്തി. മാതമംഗലം താറ്റേരിയിൽ കോഴിക്കടയിൽ ജോലി ചെയ്യുന്നയാളാണ് പ്രതി.
ശനി രാവിലെ എടക്കോം ഏര്യം വഴി മാതമംഗലത്തേക്ക് പോകുമ്പോഴാണ് കണാരം വയലിലെ എടവൻ ശാന്തയെ (58) പരിചയം നടിച്ച് സ്കൂട്ടറിൽ കയറ്റി പാണപ്പുഴയിൽ എത്തിയപ്പോൾ ആൾക്കാരില്ലാത്ത ഇടറോഡിലേക്ക് ബൈക്ക് വെട്ടിച്ച് ഒന്നരപ്പവൻ മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്ന് കളഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്.

