യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ
1 min read

കോഴിക്കോട്: കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് തിരിച്ചടിച്ചു. വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രചാരവും നല്‍കുന്നു. ഒരു ഭാഗത്ത് കൊവിഡ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് കെ.കെ ശൈലജ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോഴാണ് യുഡിഎഫിന്റെ ഈ പ്രതിരോധം. പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും ജീവൻ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് കെകെ ശൈലജ പറഞ്ഞു.
