ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല
1 min readഎസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനംമുതൽ അന്താരാഷ്ട്രതലംവരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 മാർക്കുവരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നൽകിയിരുന്നത് ഒഴിവാക്കി.
ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു.
എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറിറ്റു വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ലാ മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.
ഗ്രേസ് മാർക്ക്
സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്രസെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പ്രസന്റേഷൻ, വാർത്തവായന മത്സരം, ഭാസ്കരാചാര്യ സെമിനാർ, ടാലന്റ് സെർച്ച് (എല്ലാം സംസ്ഥാനതലം) – എ ഗ്രേഡ് -20, ബി ഗ്രേഡ് -15, സി ഗ്രേഡ്- 10. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ച് നൽകുന്നവയ്ക്ക് 20, 17, 14 മാർക്ക് വീതം.