മോഹൻലാൽ ഫാൻസിനെ തൃപ്തിപ്പെടുത്താൻ ക്ലൈമാക്സിന് കഴിഞ്ഞില്ല, അതാവാം കനൽ പരാജയപ്പെടാൻ കാരണം: പത്മകുമാർ

1 min read
SHARE

മോഹൻലാൽ-എം പത്മകുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കനൽ. ശിക്കാറിന്റെ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ നിന്നൊരുങ്ങിയ സിനിമ എന്നതിനാൽ തന്നെ കനലിന് റിലീസ് സമയത്ത് വലിയ ഹൈപ്പുമുണ്ടായിരുന്നു. എന്നാൽ തിയേറ്ററുകളിൽ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴിതാ കനലിന്റെ പരാജയത്തെക്കുറിച്ച് റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയാണ് സംവിധായകൻ എം പത്മകുമാർ. ‘ലാലേട്ടന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ക്ലൈമാക്സയിരുന്നില്ല കനലിന്റേത്. അതാവാം ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. നായകൻ നെഗറ്റീവ് ഷെയ്ഡിലേക്ക് മാറുന്ന ക്ലൈമാക്സയിരുന്നു സിനിമയുടേത്. അതായിരിക്കാം സിനിമയുടെ പരാജയത്തിന് പ്രധാന കാരണം,’ എന്ന് എം പത്മകുമാർ പറഞ്ഞു. ‘ആ സിനിമ സംസാരിച്ച വിഷയം എല്ലാ കാലവും പ്രസക്തമാണ്. വളച്ചൊടിക്കപ്പെടുന്ന വാർത്തകൾ എന്നത് എല്ലാക്കാലവും പറയാൻ കഴിയുന്ന വിഷയമാണ്. ഞാൻ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് കനൽ. എന്റെ സിനിമകൾ എനിക്ക് രണ്ടാമത് ഒന്നുകൂടി കാണാൻ കഴിയാറില്ല. എനിക്ക് അങ്ങനെ റിപീറ്റ്‌ വാച്ച് ചെയ്യാൻ കഴിയുന്ന സിനിമയാണ് കനൽ,’ എന്നും അദ്ദേഹം പറഞ്ഞു. 2015 ലായിരുന്നു കനൽ റിലീസ് ചെയ്തത്. എസ് സുരേഷ് ബാബുവിന്റെ രചനയിലൊരുങ്ങിയ സിനിമയിൽ അനൂപ് മേനോൻ, അതുൽ കുൽക്കർണി, പ്രതാപ് പോത്തൻ, നികിത, ഹണി റോസ്, ഷീലു എബ്രഹാം, ഇന്നസെന്റ്, ഗൗരി നന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.