അവസാന പന്ത് വരെ വിറപ്പിച്ച് നേപ്പാള്‍ കീഴടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം
1 min readകിങ്സ്റ്റണ്‍: ട്വന്റി 20 ലോകകപ്പിലെ നേപ്പാളിനെതിരായ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം. അത്യന്തം നാടകീയമായ മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനാണ് നേപ്പാള്‍ വിജയം കൈവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സിലൊതുങ്ങി. തബ്രൈസ് ഷംസിയുടെ കിടിലന്‍ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ടോസ് നേടിയ നേപ്പാള്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. 49 പന്തില്‍ ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 43 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. എയ്ഡന്‍ മാര്‍ക്രം (15), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് താരങ്ങള്‍. നേപ്പാളിനായി കുശാല്‍ ബൂര്‍ട്ടല്‍ നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ദിപേന്ദ്ര സിംഗ് ഐറേ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ബൂര്‍ട്ടലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 13 റണ്‍സെടുത്ത ബൂര്‍ട്ടലിനെ തബ്രൈസ് ഷംസി ക്ലീന്‍ബൗള്‍ഡ് ചെയ്തു. നായകന്‍ രോഹിത് പൗഡലിനെയും (0) ഷംസി പുറത്താക്കി. അനില്‍ സഹ് 24 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ നിര്‍ണ്ണായകമായ 27 റണ്‍സ് നേടി. എയ്ഡന്‍ മാര്‍ക്രമാണ് അനിലിനെ പുറത്താക്കിയത്. ദിപേന്ദ്ര സിങ് ഐറേയും (6) ഷംസിയുടെ മുന്നില്‍ കീഴടങ്ങി. എന്നാല്‍ ഒരുവശത്ത് ആസിഫ് ഷെയ്ഖ് പിടിച്ചുനിന്നു. 49 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സെടുത്ത ആസിഫിനെ ഷംസി ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെയാണ് കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലായത്. സോംപാല്‍ കാമി 4 പന്തില്‍ 8 റണ്‍സോടെ പുറത്താവാതെ നിന്നു. ഗുല്‍സന്‍ ജാ (6) അവസാന പന്തില്‍ റണ്ണൗട്ടായതോടെ ഒരു റണ്‍സിന്റെ ത്രില്ലിങ് ജയം ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി തെ്രെബസ് ഷംസി നാല് വിക്കറ്റും ആന്‍റിച്ച് നോർക്യ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തുകയും ചെയ്തു.