നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തു
1 min readനീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തു. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ആണ് കണ്ടെത്തിയത്. ബന്ധപ്പെട്ട ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. കേസിൽ ബിഹാർ സ്വദേശികളായ നാല് ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പറുകൾക്കായി രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തി. സംഭവത്തിൽ പിടിയിലായ 14 പ്രതികളുടെ പക്കൽ നിന്നും 13 വിദ്യാർത്ഥികളുടെ റോൾ നമ്പറുകൾ കണ്ടെത്തിയിരുന്നു. നാല് വിദ്യാർത്ഥികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. എൻടിഎയിൽ നിന്ന് മറ്റ് ഒൻപത് വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയായിരുന്നു. നീറ്റ് പരീക്ഷ ഫലവിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ ടീച്ചർ റിക്രൂട്ട്മെൻ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നിതീഷ് കുമാറാണ് നീറ്റ് പരീക്ഷാ ക്രമക്കേടിലെ മുഖ്യ കണ്ണിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ബിഹാറിലെ നളന്ദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഞ്ജീവ് സിങിനും സംഘത്തിനും ഇതിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. വ്യാജ എജുക്കേഷണൽ കൺസൾട്ടൻസി, കോച്ചിങ് സ്ഥാപനങ്ങൾ മറയാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പിടിയിലായ പ്രതി അമിത് ആനന്ദ് പാറ്റ്നയിൽ ഇത്തരത്തിലൊരു കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുണ്ട്.