June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

‘എൻസിഇആർടി ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നു’; കടന്നാക്രമിച്ച് ജയറാം രമേശ്

SHARE

ഡൽഹി: ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടിക്കെതിരെ കോൺഗ്രസ്‌ രം​ഗത്ത്. എൻസിഇആർടി 2014 മുതൽ ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. എൻസിഇആർടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതാണ്. അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ എൻസിഇആർടി ആക്രമിക്കുകയാണ്. എൻസിഇആർടി എന്നാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് ഓർക്കണമെന്നും ജയറാം രമേശ് പറഞ്ഞു. ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം വിവാദമായിരിക്കുകയാണ്. മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല. ബിജെപിയുടെ യുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന എ ബി വാജ്പേയുടെ പരാമർശം തുടങ്ങിയ പത്രവാർത്തകൾ പാഠപുസ്തകത്തിൽ ഇടം പിടിച്ചിരുന്നു. ഇത് പൂർണമായും പുതിയ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ യുപി മുഖ്യമന്ത്രി കല്യാൺ സിംഗിനെതിരെ 1994 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കോടതി അലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഒരു ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചുള്ള ഈ സംഭവം പഴയ പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്നു. ഇതിന് പകരം 2019ലെ സുപ്രീംകോടതി വിധിയാണ് പുതിയ പാഠപുസ്തകത്തിലുള്ളത്. കൂടാതെ ടൈംലൈനിൽ ബാബറി മസ്ജിദ് തകർത്ത 1992 ഡിസംബർ 6 ന് പകരം അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്ന 2019 നവംബർ 9 ആണ് ഉൾപ്പെടുത്തിയത്. 2006 – 2007 അധ്യയന വർഷം മുതൽ ഈ പാഠഭാഗങ്ങൾ പരിഷ്‌കരിച്ചിരുന്നില്ല. 2019 സുപ്രീംകോടതി വിധിയോടെയുണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ചാണ് പരിഷകരണമെന്നാണ് എൻസിഇആർടി വിശദീകരിക്കുന്നത്.