ക്യാപ്റ്റന്‍ ആദരവ് നൽകി ദളപതി; വിജയകാന്തിന്റെ കുടുംബത്തെ കണ്ട് വിജയ്യും വെങ്കട് പ്രഭുവും
1 min read

വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയുടെ റിലീസിനായി വിജയകാന്ത് ആരാധകരും കാത്തിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില്‍ ക്യാപ്റ്റന്‍ വിജയകാന്തിനെ സ്ക്രീനില്‍ എത്തിക്കും എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിജയകാന്തിന്റെ കുടുംബത്തെ സന്ദർശിച്ചിരിക്കുകയാണ് വിജയ്യും ഗോട്ടിന്റെ അണിയറപ്രവർത്തകരും. ഗോട്ട് ടീം വിജയകാന്തിന്റെ കുടുംബത്തെ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്കും മക്കൾക്കുമൊപ്പം വിജയ് സംസാരിക്കുന്നതും വിജയകാന്തിന്റെ ചിത്രത്തിന് മുന്നിൽ ആദരവ് അർപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. വർഷങ്ങൾക്ക് മുന്‍പ് വിജയ് നായകനായി അഭിനയിച്ച ‘സിന്ദൂരപാണ്ടി’ എന്ന ചിത്രത്തിലാണ് വിജയ്യും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചത്. വിജയ്യുടെ പിതാവ് എസ് സി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം വിജയ്യുടെ തുടക്കകാലത്ത് ശ്രദ്ധനേടാന്‍ ഏറെ ഗുണം ചെയ്തിരുന്നു.
അതേസമയം വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.
