സ്വന്തം പാഠപുസ്തകത്തില്‍ പത്താംക്ലാസുകാരിയുടെ വര; അടുത്ത അധ്യയനവര്‍ഷം മാളവികയ്ക്ക് സ്‌പെഷ്യലാണ്”

1 min read
SHARE

കടയ്ക്കൽ: അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുമ്പോൾ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസുകാരി മാളവിക സാധാരണയിൽക്കവിഞ്ഞ സന്തോഷത്തോടെയാകും സ്കൂളിലെത്തുക. താൻ പഠിക്കുന്ന പുസ്തകത്തിൽ തന്റെ വരകൾ ഇടംപിടിച്ചതിന്റെ ആഹ്ലാദത്തിൽ…

കേരള സർക്കാരിന്റെ പത്താംക്ലാസിലെ പുതിയ മലയാളം പാഠപുസ്തകത്തിലാണ് മാളവിക വരച്ച ചിത്രങ്ങളുള്ളത്. ഇപ്പോൾ പുറത്തിറക്കിയ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിലാണ് ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചത്.

കേരള പാഠാവലിയിൽ എഴുത്തച്ഛന്റെ കഥകളതിമോഹനം എന്ന ആദ്യപാഠത്തിലും ടി. പദ്മനാഭന്റെ ‘മണ്ണും മനുഷ്യനും’ എന്ന പാഠത്തിലും അടിസ്ഥാനപാഠാവലിയിൽ ‘ഏകോദരസോദരർ’ എന്ന യൂണിറ്റിലും മാളവികയുടെ വരകൾ ഇടംപിടിച്ചു. എസ്.എ. മാളവിക, ക്ലാസ് 10, സിപി എച്ച്എസ്എസ് കുറ്റിക്കാട്, കടയ്ക്കൽ എന്ന പൂർണമായ വിലാസം പുസ്തകങ്ങളുടെ ക്രെഡിറ്റ് പേജിൽ വന്നത് ആഘോഷമാക്കിയിരിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും.”ജീവൻ തുടിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ വരച്ച് പ്രമുഖരുൾപ്പെടെ ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ മിടുക്കി, കഴിഞ്ഞ സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾവിഭാഗം നമ്പർ ചാർട്ടിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.”പാരിപ്പള്ളി കടമ്പാട്ടുകോണം എസ്കെവി ഹൈസ്കൂളിലെ അധ്യാപകനും മജിഷ്യനുമായ ഷാജു കടയ്ക്കലിന്റെയും കൊല്ലായിൽ യുപി സ്കൂൾ അധ്യാപിക കെ.വി. അനിതയുടെയും മകളാണ് മാളവിക. മജിഷ്യനും ഷാഡോഗ്രാഫറുമായ സഹോദരി ഗോപിക തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാംവർഷ ജേണലിസം വിദ്യാർഥിനിയാണ്.”