വിവാഹവാഗ്ദാനം നല്‍കി 15കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത 19കാരന്‍ പിടിയില്‍
1 min read

വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തന്‍തറ കുറുമ്പന്‍മൂഴി പുല്ലുപാറക്കല്‍ ജിത്തു പ്രകാശ് (19) ആണ് പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിന്റെ പിടിയിലായത്. 2024 സെപ്റ്റംബര്‍ 22ന് പകല്‍ 10 മണിയോടെയാണ് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ആദ്യം ഇയാള്‍ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലും ബലാത്സംഗത്തിന് വിധേയയാക്കി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇന്നലെയാണ് വെച്ചൂച്ചിറ പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന്, കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ആദ്യം വിസമ്മതിച്ചു. പിന്നീട് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതിനെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്താന്‍ സാധിച്ചത്. ശിശുസൗഹൃദ ഇടത്തില്‍ വച്ച് വിശദമായി മൊഴിയെടുത്ത പൊലീസ്, ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് രാത്രി തന്നെ ഇയാളെ കുറുമ്പന്‍മൂഴിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ നടത്തിയ പൊലീസ്, കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിയും കൈക്കൊണ്ടു. പ്രതിയേയും വൈദ്യപരിശോധനക്ക് വിധേയനാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെച്ചൂച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംആര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐ വിപി സുഭാഷ്, എഎസ്ഐ അന്‍സാരി, എസ്സിപിഒമാരായ പികെ ലാല്‍, നെല്‍സണ്‍, സിപിഒ അഞ്ജന എന്നിവരാണ് സംഘത്തിലുള്ളത്.
