May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 11, 2025

പ്രഭാതങ്ങളെ ഇന്നും സംഗീതനിര്‍ഭരമാക്കുന്ന സ്വരരാജ്ഞി, ഗാന്ധിയേയും നെഹ്‌റുവിനേയും വിസ്മയിപ്പിച്ച പ്രതിഭ; എം എസ് സുബ്ബുലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍

1 min read
SHARE

പ്രശസ്ത സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടെ ഇരുപതാമത് ഓര്‍മദിനമാണ് ഇന്ന്. ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമായ എംഎസ് സുബ്ബുലക്ഷ്മി ശ്രീവെങ്കിടേശ്വര സുപ്രഭാതത്തിലൂടെ പ്രഭാതങ്ങള്‍ സംഗീതനിര്‍ഭരമാക്കി. മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മിയെന്ന എംഎസ് സുബ്ബുലക്ഷ്മിയെ വൃന്ദാവനത്തിലെ തുളസി എന്ന് വിളിച്ചത് സാക്ഷാല്‍ മഹാത്മാ ഗാന്ധിയായിരുന്നു. പുരുഷാധിപത്യം നിറഞ്ഞുനിന്ന കര്‍ണാടകസംഗീതരംഗത്തേക്ക് കടന്നുവന്ന് തന്റേതായ ഇടം നേടിയെടുത്ത അസാധ്യ പ്രതിഭയായിരുന്നു സുബ്ബുലക്ഷ്മി.മാതൃഭാഷയായ തമിഴില്‍ മാത്രമായിരുന്നില്ല ആ വൈഭവം. ഹിന്ദി, ബംഗാളി, ഗുജറാത്തി, മലയാളം തെലുങ്ക്, സംസ്‌കൃതം, കന്നട എന്നീ ഭാഷകളിലും ആ മധുരസ്വരം വിസ്മയം തീര്‍ത്തു. സംഗീതജ്ഞനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഭര്‍ത്താവ് സദാശിവം ഗുരുവും വഴികാട്ടിയുമായി. ആ സ്വരമാധുരിയില്‍ ലയിച്ചുപോയ നെഹ്റു ഒരിക്കല്‍ പറഞ്ഞു, ഈ സ്വരരാജ്ഞിക്കുമുന്നില്‍ ഞാനാര്?, വെറുമൊരു പ്രധാനമന്ത്രി മാത്രമെന്ന്.

ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബുലക്ഷ്മി പാടി. 1966ലെ ഐക്യരാഷ്ട്ര സഭാദിനത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നില്‍ പാടാനും അവസരം ലഭിച്ചു. വളരെക്കുറച്ച് സിനിമകളിലേ പാടിയിട്ടുള്ളു. മൂന്നു ചിത്രങ്ങളില്‍ പാടിയഭിനയിച്ചു. 1945-ല്‍ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എംഎസ് അനശ്വരയാക്കി. അഭിനേത്രി എന്നതിനേക്കാള്‍ സംഗീതക്കച്ചേരികളുമായി സഞ്ചരിക്കുന്നതില്‍ ആനന്ദം കണ്ടെത്തി.

വര്‍ഷങ്ങളോളം നീണ്ട സംഗീതയാത്രയില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും സുബ്ബുലക്ഷ്മിയെ തേടിയെത്തി. 1998ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചു. 1997-ല്‍ ഭര്‍ത്താവ് സദാശിവത്തിന്റെ മരണത്തോടെ സുബ്ബുലക്ഷ്മി പൊതുവേദികളില്‍ പാടുന്നത് അവസാനിപ്പിച്ചു. 2004 ഡിസംബര്‍ 11-ന് ആ സംഗീതം, എന്നെന്നേക്കുമായി നിലച്ചു.