നടി മീന ഗണേഷ് അന്തരിച്ചു
1 min read

നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലൂടെ ജനപ്രിയ നടിയായി മാറി. കഴിഞ്ഞ അഞ്ചുദിവസമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മീന ആദ്യമായി നാടകരംഗത്തെത്തുന്നത് സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്തു. വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു.
