ഏകീകൃത പെന്‍ഷന്‍ പദ്ധതി അറിയേണ്ടതെല്ലാം

1 min read
SHARE

ഏകീകൃത പെന്‍ഷന്‍ പദ്ധതി അഥവാ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. 2025 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 23 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷനുകള്‍, മിനിമം പെന്‍ഷനുകള്‍ എന്നിവ നടപ്പിലാക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പഴയ പെന്‍ഷന്‍ പദ്ധതി അതായത് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായതിൻ്റെ പശ്ഛാത്തലത്തിലാണ് പുതിയ പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. 2004 മുതലുള്ള പുതിയ പെന്‍ഷന്‍ പദ്ധതി നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം പഴയ പെന്‍ഷന്‍ പദ്ധതിയായ ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കണമെന്നുള്ള ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചിട്ടുമുണ്ട്. ഏകീകൃത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാരുകൾക്കും പിന്തുടരാവുന്നതാണ്. സംസ്ഥാന സര്‍ക്കാരുകൾ ഇത് നടപ്പിലാക്കിയാല്‍ 90 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പ്രയോജനം ലഭിക്കാന്‍ പോകുന്നതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഈ ഏകീകൃത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്…

  • 25 വര്‍ഷമെങ്കിലും സര്‍വ്വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഒടുവിലത്തെ 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെന്‍ഷന്‍ നല്‍കും. അതോടൊപ്പം 25 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ സര്‍വ്വീസുള്ളവര്‍ക്ക് ആനുപാതികമായ തോതില്‍ പെന്‍ഷന്‍ ലഭിക്കും.
  • പത്ത് വര്‍ഷമെങ്കിലും സര്‍വ്വീസുളളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പാക്കും
  • ഏതെങ്കിലും ജീവനക്കാരന്‍ മരിക്കുകയാണെങ്കില്‍ പെന്‍ഷന്റെ 60 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും.
  • ജീവനക്കാരന്‍ വിരമിക്കുകയാണെങ്കില്‍ ഗ്രാറ്റിവിറ്റിക്ക് പുറമേ ഒരു തുകകൂടി അയാള്‍ക്ക് ലഭിക്കും. സര്‍വ്വീസ് കാലയളവിലെ അവസാന ആറ് മാസത്തില്‍ വാങ്ങിയ ശമ്പളത്തിന്റെ പത്തിലൊന്ന് എന്ന തോതിലായിരിക്കും ഈ തുക കണക്കിലാക്കുന്നത്.
  • നിലവിലെ പെന്‍ഷന്‍ സ്‌കീം അനുസരിച്ച് ജീവനക്കാര്‍ 10 ശതമാനം സംഭാവന നല്‍കുമ്പോള്‍ സര്‍ക്കാര്‍ 14 ശതമാനം നല്‍കുന്നത്. എന്നാൽ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിൽ സർക്കാർ വിഹിതം 18.5 ശതമാനമായി ഉയര്‍ത്തും. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും.
  • കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സ്‌കീം, അല്ലെങ്കില്‍ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം തിരഞ്ഞൈടുക്കാവുന്നതാണ്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം അംഗങ്ങള്‍ക്ക് യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുകയും ചെയ്യാം. നാഷണൽ പെൻഷൻ സ്കീം നിലവിലുള്ള സംസ്ഥാനങ്ങൾക്കും ആവശ്യമെങ്കിൽ യുപിഎസിലേയ്ക്ക് മാറാം.
  • 2004ന് ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31നകം വിരമിക്കുന്നവർക്കും യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിൽ ചേരാം. ഇവർക്ക് കുടിശ്ശിഖ നൽകും.